കൊച്ചി: സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണമെന്ന് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ഹൈക്കോടതിയുടെ ഉപദേശം. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന സഹപ്രവർത്തകയുടെ പരാതിയിൽ പ്രതികളുടെ മുൻകൂർ ജാമ്യ ഹർജികൾ പരിഗണിക്കവേയാണ് കോടതിയുടെ ഓർമപ്പെടുത്തൽ.

സ്ത്രീകളോടും പ്രത്യേകിച്ച് സ്വന്തം സംഘടനയിലെ പട്ടിക വിഭാഗത്തിലുള്ള സഹപ്രവർത്തകരായ വനിതകളോടും മാന്യമായി പെരുമാറണമെന്നും, യുവാക്കളായ പ്രതികൾ ജീവിതത്തിലും പൊതു പ്രവർത്തരംഗത്തും അവസരത്തിനൊത്ത് ഉയരണമെന്നും കോടതി ചൂണ്ടിക്കാട്ടി.

സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നത് മോശം കാര്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രവൃത്തിയിലും പെരുമാറ്റത്തിലും അതില്ലാതായാൽ ഈ വിഭാഗങ്ങൾക്ക് സാമൂഹ്യ വ്യവസ്ഥയിലും ജനാധിപത്യത്തിലും വിശ്വാസം നഷ്ടപ്പെടുമെന്നും കോടതി വ്യക്തമാക്കി. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വനിതാ പ്രവർത്തകയുടെ പരാതിയിൽ പട്ടികജാതിക്കാരനടക്കം അഞ്ച് പേർക്കെതിരെ വാടാനാപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ നിരീക്ഷണങ്ങൾ.

Read Also: കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ: സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

യുവതിയുടെ പരാതിയിൽ വാടാനപ്പള്ളി സ്വദേശി ജാഫർ സാദിഖ്, തൃശൂർ സ്വദേശികളായ എ.എം.ഫഹദ് ,എ.എസ്.സബിത്, എ.എസ്.ശ്രീജിത്, സദ്ദാം ഹുസൈൻ എന്നിവർക്കെതിരെ പട്ടിക ജാതി -വർഗ പീഡന നിരോധന നിയമം അനുസരിച്ചാണ് പൊലീസ് കേസെടുത്തത്.

പ്രതികൾ യുവതിയോട് ലൈംഗിക ചുവയുള്ള സംഭാഷണം നടത്തിയെന്നും പരാതിപ്പെട്ടാൽ തങ്ങളുടെ കൈവശമുള്ള നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയെനാണ് യുവതിയുടെ പരാതി. പ്രതികൾക്കെതിരെ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു. ജാമ്യം തേടി പ്രതികളോട് വിചാരണ കോടതിയെ സമീപിക്കാൻ നിർദേശിച്ച ഹൈക്കോടതി കേസ് തീർപ്പാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.