കൊച്ചി: ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനെതിരെ അടിസ്ഥാനരഹിതമായ പരാതി നൽകിയെന്ന കേസിൽ ബസുടമാ സംഘത്തിന് ഹൈക്കോടതി അഞ്ച് ലക്ഷം പിഴ ചുമത്തി. പിഴത്തുകയിൽ മൂന്ന് ലക്ഷം രൂപ ഉദ്യോഗസ്ഥനും രണ്ടു ലക്ഷം രൂപ കേരള ലീഗൽ സർവീസ് അതോറിറ്റിക്കും നൽകാൻ കോടതി നിർദേശിച്ചു.
ഒരു മാസത്തിനകം പിഴ അടച്ചില്ലെങ്കിൽ കലക്ടർ റവന്യു റിക്കവറി നടത്തി തുക ഈടാക്കണമെന്നും കോടതി നിർദേശിച്ചു. കൊച്ചിയിലെ സ്വകാര്യ ബസുടമാ സംഘം കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷനാണ് കോടതി പിഴ ചുമത്തിയത്.
സാമ്പത്തിക നേട്ടത്തിനു വേണ്ടി ബസുടമകളെയും പൊതുജനങ്ങളെയും ദ്രോഹിച്ചുവെന്നും കൈക്കൂലിപ്പണം കൊണ്ട് ഫ്ലാറ്റും ഭൂമിയും വാങ്ങിയെന്നും ആരോപിച്ച് ആർടിഒ ജോജി പി.ജോസിനെതിരെ ഗതാഗതവകുപ്പിനും വിജിലൻസിനും അസോസിയേഷൻ പരാതി നൽകുകയായിരുന്നു. ഉദ്യോഗസ്ഥനെതിരെ വാഹനങ്ങളിലും വീടിന്റെ പരിസരത്തും പോസ്റ്റർ ഒട്ടിച്ച് പ്രചാരണവും നടത്തി.
Read Also: അധ്യാപകർ ഫെയ്സ്ബുക്കും വാട്സാപ്പും ഉപയോഗിക്കരുത്; സ്കൂളുകളിൽ മൊബെെൽ ഫോണുകൾക്ക് നിരോധനം
ഉദ്യോഗസ്ഥനെതിരായ പരാതി അന്വേഷിച്ച വിജിലൻസ് ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തിയതായി കോടതിയെ അറിയിച്ചു. പ്രളയകാലത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതിന് സർക്കാരിൽ നിന്ന് ഉദ്യോഗസ്ഥന് പ്രശംസാപത്രം ലഭിച്ചിട്ടുണ്ടെന്നും വകുപ്പിലെ സേവനം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ചിട്ടുണ്ടെന്നും കോടതിയെ അറിയിച്ച സർക്കാർ സർട്ടിഫിക്കറ്റുകളും ഹാജരാക്കി.
അനാവശ്യ പരാതി നൽകി ഉദ്യോഗസ്ഥനെ പീഡിപ്പിച്ചെന്ന് കണ്ടെത്തിയതിനാലാണ് ബസുടമാ സംഘത്തിന് കോടതി പിഴ വിധിച്ചത്.