കൊച്ചി: രാജീവ് വധക്കേസില്‍ ഏഴാം പ്രതിയും പ്രമുഖ അഭിഭാഷകനുമായ സി.പി.ഉദയഭാനുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കൂട്ടുപ്രതികളായ ചക്കര ജോണി, രഞ്ജിത്ത് എന്നിവർക്കും ജാമ്യം ലഭിച്ചു. ഭാര്യയുടെ അമ്മയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് ചൊവ്വാഴ്ച മുതൽ നാല് ദിവസത്തേക്ക് ഹൈക്കോടതി താത്കാലിക ജാമ്യം അനുവദിച്ചിരുന്നു.
2017 സെപ്റ്റംബർ 29 നാണ് നെടുമ്പാശേരി നായത്തോട് സ്വദേശി രാജീവിനെ ചാലക്കുടിയിലെ ഒരു വാടകവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനായ രാജീവിന്റെ കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചന കുറ്റമാണ് സി.പി.ഉദയഭാനുവിന് എതിരെ ചുമത്തിയിരിക്കുന്നത്.
നേരത്തേ കേസിൽ സി.പി.ഉദയഭാനുവിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. രാജീവിനെ കൊലപ്പെടുത്തിയ പ്രതികളുമായി ഫോണിൽ സംസാരിച്ചത് ഗൂഢാലോചനയുടെ തെളിവല്ലെന്നായിരുന്നു ഉദയഭാനുവിന് വേണ്ടി അഭിഭാഷകർ കോടതിയിൽ വാദിച്ചത്.