കൊച്ചി: ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് കരുതുന്ന പലരുമുണ്ട്, എന്നാല്‍ ഒരു പേരില്‍ പലതുമുണ്ട് പലപ്പോഴും. പ്രേമലേഖനത്തിലെ കേശവൻ നായരും സാറാമ്മയും എന്ന ബഷീറിയൻ കഥാപാത്രങ്ങൾ തങ്ങളുടെ കുഞ്ഞിന് ആകാശമിഠായി എന്ന പേര് ആലോചിച്ചതിന് പകരം കേശവൻ നായരും സാറാമ്മയും രണ്ട് പേരുകൾക്കായി വാശി പിടിച്ചിരുന്നെങ്കിലോ? പേരിനായി അച്ഛനും അമ്മയും വാശിപിടിച്ച സംഭവത്തിനാണ് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്.

ഒരു കുഞ്ഞ് ജനിക്കുന്നതിന് മുമ്പ തന്നെ പല മാതാപിതാക്കളുടെയും ആലോചന പേരിനെ കുറിച്ചായിരിക്കും. വീട്ടുകാരും കൂട്ടുകാരും ഒക്കെ ഒത്തുപിടിച്ചായിരിക്കും ചില പേരുകൾ. പുതുമയുളള പേരുകൾ കണ്ടെത്താനുളള നെട്ടോട്ടം ഓടുന്നതിനിടയിൽ പേരുകൾ ചിലർക്കെങ്കിലും തലവേദനയാകാറുണ്ട്. എന്നാല്‍ കുഞ്ഞിന്റെ പേരിടലുമായി ബന്ധപ്പെട്ട് കോടതി കയറിയത് ഒരുപക്ഷേ, പേരിന് വേണ്ടി ഒരു കേസ്, കേരള ചരിത്രത്തിൽ ആദ്യമായിരിക്കാം. ആ കേസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിയിൽ​ തീർപ്പായി.

വിവാഹം വേര്‍പിരിയാനുളള കേസ് നൽകിയിരിക്കുന്ന ദമ്പതികളാണ് കുഞ്ഞിന്റെ പേരിനായി ഹൈക്കോടതിയില്‍ എത്തിയത്. 2010ല്‍ ക്രിസ്ത്യന്‍, ഹിന്ദു മതാചാര പ്രകാരം പ്രണയവിവാഹം കഴിഞ്ഞ ദമ്പതികൾ രണ്ടാമത് കുഞ്ഞ് ജനിച്ചതിന് ശേഷമാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്. രണ്ടാമത്തെ കുട്ടിയെ സ്കൂളില്‍ ചേര്‍ക്കാന്‍ പോകുമ്പോഴാണ് പേരുമായി ബന്ധപ്പെട്ട തര്‍ക്കമുണ്ടായുണ്ടായത്. ജനന സർട്ടിഫിക്കറ്റിനായി നഗരസഭയിൽ ഇരുവരും പ്രത്യേകം അപേക്ഷ നൽകി. അതിൽ കുട്ടിയുടെ പേര് രണ്ടായിരുന്നു. അതിനാൽ ഏകാഭിപ്രായമില്ലെങ്കിൽ കോടതി ഉത്തരവ് വേണമെന്ന് ജനന- മരണ റജിസ്ട്രാർ നിർദേശിച്ചു. തുടർന്നാണ് ഇരുവരും കോടതിയെ സമീപിച്ചത്.

ഇരുവരുടെയും ഹര്‍ജിയില്‍ കോടതി കേസ് കേട്ടു. മാമ്മോദീസ പേരിടണം എന്ന് അമ്മ, ഇരുപത്തെട്ട് ചടങ്ങിന് ഇട്ട പേരിടണം എന്നായി അച്ഛന്‍. പേരിൽ നിന്നും പിടിവിടാൻ ദമ്പതികള്‍ തയ്യാറാകില്ലെന്ന് മനസിലാക്കിയ ഹൈക്കോടതി അച്ഛനെയും അമ്മയെയും നോക്കി ഒരു പുതിയ പേരിട്ടു. മൂലം കുഴിയുടെ “മൂ”യും സഹദേവന്‍റെ “സ”യും ചേര്‍ത്ത് ദിലീപ് സിനിമയിലെ മൂസയെപോലെ അമ്മ പറഞ്ഞതില്‍നിന്ന് ‘ജോഹാനും’ അച്ഛന്‍ പറഞ്ഞതില്‍ നിന്ന് ‘ സച്ചിനും’ എടുത്ത് ‘ജോഹാന്‍ സച്ചിന്‍’. വേറെ വഴിയൊന്നും കാണാത്തതിനാല്‍ കോടതി നിര്‍ദേശം അംഗീകരിച്ച് കേസ് തീർപ്പായി.

വിവാഹമോചന കേസ് നിലവില്‍ നില്‍ക്കുന്ന ദമ്പതികള്‍ക്ക് സമവായ രീതിയില്‍ കുട്ടിക്ക് പേരിടുകയാണെന്ന് പറഞ്ഞ് ജസ്റ്റിസ്‌ ഇ.കെ.ജയശങ്കര്‍ നമ്പ്യാരാണ് പേര് നിര്‍ദേശിച്ചത്. ഏതായാലും കോടതി പേരിട്ട ആദ്യത്തെ കുട്ടിയായിരിക്കും ജോഹാന്‍ സച്ചിന്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ