കൊച്ചി: കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ നൽകിയേ മതിയാവൂവെന്ന് സർക്കാരിനോട് ഹൈക്കോടതി. പ്രതിദിന വരുമാനത്തിന്റെ 10 ശതമാനം പെൻഷൻ ആനുകൂല്യത്തിനായി നീക്കിവയ്ക്കണമെന്ന 2002 ലെ ഹൈക്കോടതി ഉത്തരവ് പാലിക്കാൻ ജസ്റ്റിസ് അനിൽ നരേന്ദ്രൻ സർക്കാരിന് നിർദ്ദേശം നൽകി.

വിരമിച്ച തൊഴിലാളിയുടെ അവകാശമാണ് പെൻഷൻ. ചോരയും വിയര്‍പ്പും ഒഴുക്കിയവരാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍. അവരുടെ പെൻഷൻ നിരാകരിക്കാനോ അനന്തമായി നീട്ടാനോ കെഎസ്ആർടിസിക്ക് അധികാരമില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. കെഎസ്ആര്‍ടിസിയില്‍നിന്ന് വിരമിച്ചവരുടെ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

സാമ്പത്തിക ബാധ്യതയാണ് പെന്‍ഷന്‍ കൃത്യമായി നല്‍കാന്‍ സാധിക്കാത്തതെന്നായിരുന്നു കെഎസ്ആര്‍ടിസി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. എന്നാൽ സാമ്പത്തിക ബാധ്യത പെൻഷൻ നൽകാതിരിക്കാനുളള കാരണമല്ലെന്നായിരുന്നു കോടതി അറിയിച്ചത്.

2002 ൽ കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ വിഷയത്തിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കൃത്യമായ നിർദ്ദേശം കെഎസ്ആര്‍ടിസിക്ക് നല്‍കിയിരുന്നു. ദിവസ വരുമാനത്തിന്റെ 10 ശതമാനം ട്രഷറിയില്‍ ഒരു പ്രത്യേക അക്കൗണ്ടില്‍ അടയ്ക്കണം. ജീവനക്കാര്‍ വിരമിക്കുമ്പോള്‍ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കാനായി ഈ അക്കൗണ്ടിലെ പണം ഉപയോഗിക്കണമെന്നായിരുന്നു നിർദ്ദേശം. ഈ നിർദ്ദേശം പാലിക്കാനാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇപ്പോൾ സർക്കാരിന് നിർദ്ദേശം നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ