കൊച്ചി: എല്ലാ പ്രണയവിവാഹവും ലൗ ജിഹാദല്ലെന്ന് ഹൈക്കോടതി. പ്രണയത്തിന് അതിർവരമ്പുകളില്ല. മിശ്ര വിവാഹങ്ങളെ പ്രോൽസാഹിപ്പിക്കുകയാണ് വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. കണ്ണൂരിൽ മതംമാറി വിവാഹം കഴിച്ച ശ്രുതിയെ ഭർത്താവ് അനീസിനൊപ്പം പോകാനും കോടതി അനുവദിച്ചു. പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് യുവാവിനൊപ്പം പോയത്. പ്രായപൂർത്തിയായ രണ്ടുപേരുടെ തീരുമാനത്തിൽ നിയമപരമായി കോടതിക്ക് ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം സംസ്ഥാനത്തെ നിർബന്ധിത മതപരിവർത്തന കേന്ദ്രങ്ങൾ അടച്ച് പൂട്ടണമെന്ന് കോടതി ഉത്തരവിട്ടു.

പയ്യന്നൂർ മണ്ടൂർ സ്വദേശിനിയായ ശ്രുതിയാണ് മതംമാറി അനീസ് അഹമ്മദിനെ വിവാഹം കഴിച്ചത്. വിവാഹത്തിനുശേഷം ഒരു മാസത്തോളം ഡൽഹിയിലായിരുന്നു. പിന്നീട് നാട്ടിൽ തിരിച്ചെത്തിയ ശ്രുതിയെ മാതാപിതാക്കൾ നൽകിയ പരാതിയെത്തുടർന്ന് പയ്യന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് ഹാജരാക്കി. അവിടെ വച്ച് മാതാപിതാക്കൾക്കൊപ്പം പോയാൽ മതിയെന്ന് പറഞ്ഞതിനെത്തുടർന്ന് ശ്രുതിയെ കോടതി മാതാപിതാക്കൾക്കൊപ്പം വിട്ടു. ഇതിനുശേഷം ശ്രുതിയെ മാതാപിതാക്കൾ തൃപ്പുണ്ണിത്തുറയിലെ യോഗ കേന്ദ്രത്തിൽ എത്തിച്ചു.

ഇതിനു പിന്നാലെ ശ്രുതി തന്റെ ഭാര്യയാണെന്നും പയ്യന്നൂർ സിഐയുടെ സഹായത്തോടെ മാതാപിതാക്കൾ അന്യായ തടങ്കലിൽ വച്ചിരിക്കുകയാണെന്നും ആരോപിച്ച് അനീസ് ഹേബിയസ് കോർപസ് ഹർജി നൽകി. ഇതിൽ ശ്രുതിയെ നേരിട്ട് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. കോടതിയിൽ എത്തിയപ്പോഴാണ് യോഗ സെന്ററിൽ വച്ച് താൻ ക്രൂരമായ പീഡനത്തിന് ഇരയായെന്ന് ശ്രുതി ഹൈക്കോടതിയിൽ മൊഴി നൽകിയത്. മാത്രമല്ല തനിക്ക് ഭർത്താവിനൊപ്പം പോയാൽ മതിയെന്ന് ശ്രുതി പറയുകയും ചെയ്തു. ഈ ഹർജിയാണ് ശ്രുതിയെ ഭർത്താവിനൊപ്പം പോകാൻ അനുമതി നൽകിക്കൊണ്ട് കോടതി തീർപ്പാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ