കൊച്ചി: വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ അമിത തിരക്ക് ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഹൈക്കോടതി സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. എല്ലാ കേന്ദ്രങ്ങളിലും ആവശ്യത്തിനു പൊലീസിനെ നിയോഗിക്കാനും ബലപ്രയോഗം കൂടാതെ കോവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കാനും കോടതി ഉത്തരവിട്ടു.
വാക്‌സിനേഷന്‍ കേന്ദ്രങ്ങിലെ അമിത തിരക്ക് സംബന്ധിച്ച മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസാണ് ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും കൗസര്‍ എടപ്പകത്തും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്. കേസില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളെയും പൊലീസ് മേധാവിയേയും നാഷണല്‍ ഹെല്‍ത്ത് മിഷനെയും കോടതി കക്ഷി ചേര്‍ത്തു.
Also Read: കോവിഡ് പരിശോധന: പൊലീസ് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി
വാക്‌സിന്‍ ലഭിക്കില്ലന്ന ആശങ്ക മൂലമാണ് ജനങ്ങള്‍ തടിച്ചുകൂടുന്നതെന്ന് നിരീക്ഷിച്ച കോടതി ഈ സാഹചര്യം അനുവദിക്കാനാവില്ലന്ന് വ്യക്തമാക്കി.വാക്‌സിന്‍ സ്വീകരിക്കാന്‍ ജനം തടിച്ചുകൂടേണ്ടതില്ലന്നും റജിസ്‌ട്രേഷനു മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടന്നും സര്‍ക്കാര്‍ അറിയിച്ചു.
വാക്‌സിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടതില്ല. സര്‍ക്കാരിന്റെ കൈവശം നിലവില്‍ 2.34 ലക്ഷം ഡോസ് ഉണ്ട്. 4.75 ലക്ഷം ഡോസ് രണ്ടു ദിവസത്തിനകം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു കോടി ഡോസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടന്നും സംസ്ഥാനത്ത് ഇതുവരെ 74,25,422 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും സര്‍ക്കാര്‍ അറിയിച്ചു. കേസ് ഏഴിനു വീണ്ടും പരിഗണിക്കും.