കൊച്ചി: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ മലയാളിയും ഏഷ്യൻ അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിലെ സ്വർണ മെഡൽ ജേതാവുമായ പി.യു.ചിത്രയെ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി. 1500 മീറ്ററിൽ ചിത്രയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ നിർദേശം നൽകി. ലണ്ടനിൽ അടുത്ത മാസമാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.

പി.യു. ചിത്രയെ ഒഴിവാക്കിയതിൽ ഇടപെടാനാവില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചതിന് പിന്നാലെയാണ് ഹൈക്കോടതി നിലപാട് എടുത്തത്. കേന്ദ്രത്തിനും അത്‍ലറ്റിക് ഫെഡറേഷനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അത്‌ലറ്റിക് ഫെഡറേഷന്റെ തീരുമാനങ്ങളില്‍ കൈകടത്താനുളള അധികാരം ഇല്ലെന്ന് കാട്ടിയാണ് കേന്ദ്ര സർക്കാര്‍ വിഷയത്തില്‍ നിന്നും തലയൂരിയത്. അത്‌ലറ്റിക് ഫെഡറേഷൻ സ്വതന്ത്രമായി പ്രവർത്തിക്കുന്ന സംഘടനയാണെന്നും അതിനാൽ ഇക്കാര്യത്തിൽ ഇടപെടാനാവില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു. തുടര്‍ന്നാണ് ചിത്രയെ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ചിത്ര പ്രതികരിച്ചു. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും ചിത്ര പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ