കൊച്ചി: ഊഹാപോഹങ്ങളാണ് മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് വസ്തുതകളായി അവതരിപ്പിക്കുന്നതെന്ന് ഹൈക്കോടതി. പാറ്റൂർ കേസുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി ജേക്കബ് തോമസിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്. പാറ്റൂർ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷൺ നൽകിയ ഹർജി പരിഗണിക്കവേയാണ് ജേക്കബ് തോമസിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം ഏൽക്കേണ്ടി വന്നത്.
തിരുവനന്തപുരം പാറ്റൂരിലെ സർക്കാർ ഭൂമിയിൽ സ്വകാര്യ ഫ്ലാറ്റ് നിർമ്മാണം നടന്നുവെന്ന ആരോപണമാണ് കേസിനാധാരം. കേരള ജല അതോറിറ്റിയുടെ ഭൂമിയുമായി ബന്ധപ്പെട്ടാണ് കേസ്.
പാറ്റൂർ കേസിൽ ഭൂ പതിവ് രേഖകളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നായിരുന്നു ജേക്കബ് തോമസിന്രെ റിപ്പോർട്ട്. എന്നാൽ കോടതിയുടെ പരിശോധനയിൽ രേഖകളിൽ കൃത്രിമത്വം കണ്ടെത്താനായില്ല. ഇതേ തുടർന്ന് കഴിഞ്ഞ ഡിസംബർ പതിമൂന്നിന് ജേക്കബ് തോമസിനെ വിളിച്ചുവരുത്താൻ കോടതി തീരുമാനിച്ചിരുന്നു.
ജേക്കബ് തോമസിന്റെ അന്വേഷണ റിപ്പോർട്ട് വായിച്ചാൽ ജേക്കബ് തോമസ് ഒഴികെ മറ്റെല്ലാവരും കുറ്റക്കാരാണെന്ന് തോന്നുമെന്നും എന്തടിസ്ഥാനത്തിലാണ് ഈ കേസ് അന്വേഷിച്ചതെന്ന് വ്യക്തമല്ലെന്നും കോടതി നിരീക്ഷിച്ചു. ഊഹപോഹങ്ങളെയാണ് വസ്തുതകളായി ജേക്കബ് തോമസ് റിപ്പോർട്ടിൽ അവതരിപ്പിക്കുന്നത്.
പാറ്റൂർ കേസിലെ ത്വരിതാന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിക്കാനും കോടതി തീരുമാനിച്ചു.