കൊച്ചി: വിവാദ പരാമർശങ്ങളുടെ പേരിൽ വനിതാ കമ്മീഷൻ ചെയർപേഴ്സൺ എം.സി.ജോസഫൈനെ തൽസ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. പദവിയിൽ നിന്ന് നീക്കണമെന്ന ആവശ്യം നിലനിൽക്കുന്നതല്ലെന്നും കമ്മിഷന്റെ പ്രവർത്തനങ്ങളിൽ പരാതി ഉണ്ടെങ്കിൽ പരാതിക്കാർക്ക് ഉചിതമായ അധികാര കേന്ദ്രങ്ങളെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

പരാമർശങ്ങളുടെ പേരിൽ ജോസഫൈനെ നീക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് നേതാവ് ലതിക സുഭാഷ് സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. ഹർജി നിലനിൽക്കില്ലെന്ന സർക്കാർ വാദം കോടതി അഗീകരിച്ചു. കമ്മീഷൻ അധ്യക്ഷയായി ജോസഫൈനെ നിയമിക്കുന്ന സമയത്ത് അയോഗ്യത ഉണ്ടായിരുന്നില്ലെന്നും ഹർജി നിലനിൽക്കണമെങ്കിൽ നിയമന സമയത്ത് അയോഗ്യത ഉണ്ടായിരുന്നിരിക്കണമെന്നും സർക്കാർ വിശദീകരിച്ചിരുന്നു.

“പാർട്ടിക്ക് കോടതിയും പൊലീസ് സ്റ്റേഷനും ഉണ്ടെന്നും പാർട്ടി അന്വേഷിച്ചാൽ മതിയെന്ന് പരാതിക്കാർ പറഞ്ഞാൽ പിന്നെ കമ്മീഷൻ അന്വേഷിക്കേണ്ടതില്ല” എന്ന ജോസഫൈന്റ പ്രസ്താവന കമ്മീഷന്റെ പക്ഷപാതിത്വം വെളിപ്പെടുത്തുന്നതാണെന്നും പദവിയിൽ നിന്നു നീക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി.

Read More: പാർട്ടി തന്നെ കോടതിയും പൊലീസ് സ്റ്റേഷനും: വനിതാ കമ്മീഷൻ അധ്യക്ഷയുടെ പരാമർശം വിവാദത്തിൽ

പ്രവർത്തന കാലയളവിൽ യോഗ്യതയില്ലെങ്കിൽ നടപടിയെടുക്കാനുള്ള അധികാരം നിയമനാധികാരിയായ സർക്കാരിനാണ്. അയോഗ്യത ചൂണ്ടിക്കാട്ടി ആരും സമീപിച്ചിട്ടില്ലെന്നും ഹർജിക്കാർ പരാതി നൽകിയിട്ടില്ലെന്നുമായിരുന്നു സർക്കാർ വാദം. സ്ത്രീകളുടെ അന്തസ് ഇടിച്ചുതാഴ്തും വിധം കമ്മീഷൻ അധ്യക്ഷയുടെ ഭാഗത്ത് നിന്ന് ഒന്നും ഉണ്ടായിട്ടില്ലെന്ന് കമ്മിഷന്റെ അഭിഭാഷകനും അറിയിച്ചിരുന്നു.

സ്വതന്ത്രവും നിഷ്പക്ഷവുമായി പ്രവർത്തിക്കേണ്ട കമ്മീഷൻ പാർട്ടി നേതാക്കൾ പ്രതികളാവുന്ന കേസുകൾ കണ്ടില്ലെന്നു നടിക്കുകയാണെന്നും കമ്മീഷൻ നിയമപ്രകാരം ഉത്തരവാദിത്തം നിർവഹിക്കാത്ത ചെയർപേഴ്സണെതിരെ കേസെടുക്കണമെന്നും പാർട്ടിയിൽ സ്വാധീനമുള്ളതിനാൽ സർക്കാരിൽ നിന്ന് നടപടി പ്രതീക്ഷിക്കാനാവില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

സിപിഎം നേതാവ് പി.കെ.ശശിക്കെതിരായ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവേയായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷയുടെ പരാമർശം. പി.കെ.ശശിക്കെതിരെ കേസെടുത്തെങ്കിലും പരാതിക്കാരിയുടെ കുടുംബം പാര്‍ട്ടി അന്വേഷണം മതിയെന്ന് പറഞ്ഞിരുന്നതായും ജോസഫൈന്‍ പറഞ്ഞിരുന്നു.

“ഞാന്‍ പാര്‍ട്ടിയിലൂടെ വളര്‍ന്നയാളാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് ഇക്കാര്യങ്ങളില്‍ കര്‍ശനമായി നടപടിയെടുക്കുന്നത് പോലെ മറ്റൊരു പാര്‍ട്ടിയും നടപടിയെടുക്കില്ല. സംഘടനാപരമായി തീരുമാനമെടുത്താല്‍ മതിയെന്ന് ആ കുടുംബം തന്നോട് പറഞ്ഞിരുന്നു. അവര്‍ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നു. പാര്‍ട്ടി ഒരു കോടതിയും കൂടിയാണ്. പൊലീസ് സ്‌റ്റേഷനും ആണ്. ഒരു നേതാവിനോടും അക്കാര്യത്തില്‍ ഞങ്ങള്‍ വിട്ടുവീഴ്ച ചെയ്യില്ല,” എന്നായിരുന്നു ജോസഫൈൻ പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.