കൊച്ചി: ഇന്ത്യന്‍ ആഴക്കടലില്‍ വിദേശ ട്രോളറുകളുടെ മത്സ്യ കൊള്ള തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലെ കോടതി അലക്ഷ്യ നടപടി ഹൈക്കോടതി തീര്‍പ്പാക്കി . 2017 ജൂലൈ 14ന് 6 മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതാണന്നും ഒന്നര വര്‍ഷത്തിന് ശേഷം റിപ്പോര്‍ട്ട് ഫയല്‍ ചെയ്യുന്നത് ന്യായീകരിക്കാന്‍ ആവില്ലെന്നും കോടതി വ്യക്തമാക്കി. റിപ്പോര്‍ട്ട് വൈകിപ്പിച്ച് കോടതിയെ പരിഹസിക്കുകയാണോ എന്നും കോടതി കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞു.

കോടതിയലക്ഷ്യ കേസില്‍ കേന്ദ്ര കൃഷിമന്ത്രാലയത്തിലെ ഡെവലപ്‌മെന്റ് കമ്മിഷ്ണര്‍ പോള്‍ പാണ്ഡ്യന്‍ ഹാജരായി. പോള്‍ പാണ്ഡ്യന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തെറ്റുകളും വസ്തുതാ വിരുദ്ധമായ കാര്യങ്ങളും കാണും. പക്ഷെ കോടതി അലക്ഷ്യ ഹര്‍ജിയില്‍ ആ കാര്യങ്ങള്‍ പരിശോധിക്കാന്‍ ആവില്ലന്ന് കോടതി വ്യക്തമാക്കി .

റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ എത്രയും വേഗം നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുകയാണന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് പ്രത്യാശ പ്രകടിപ്പിച്ചു . വിദേശ ട്രോളറുകളുടെ ആഴക്കടല്‍ മത്സ്യക്കൊള്ള ഇന്ത്യയുടെ സാമ്പത്തീക പരമാധികാരത്തിനും ദേശീയ സുരക്ഷയ്ക്കും ഹാനികരമാണെന്നും മത്സ്യക്കൊള്ള നിരോധിക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശി സലിം സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ
ഹര്‍ജിയാണ് കോടതി പരിഗണിച്ചത് .

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.