scorecardresearch

ഇങ്ങനെ പോയാല്‍ കോടതി ഉത്തരവുകള്‍ എങ്ങനെ നടപ്പാക്കപ്പെടും? കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്ന വിഷയത്തില്‍ ഹൈക്കോടതി

വിഷയത്തില്‍ സർക്കാർ സര്‍വകക്ഷി യോഗം വിളിച്ചതില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി, ഉത്തരവുകളോട് ഇതാണു സമീപനമെങ്കിൽ പുതിയ കേരളമെന്നു പറയരുതെന്നും പരാമർശിച്ചു

Kerala High Court, CPM, ie malayalam

കൊച്ചി: പാതയോരത്ത് അനുമതിയോടെ കൊടിതോരണങ്ങള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഹൈക്കോടതി. വിഷയത്തില്‍ സർക്കാർ സര്‍വകക്ഷി യോഗം വിളിച്ചതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.

കോടതി ഉത്തരവ് മറികടന്ന് കൊടിതോരണങ്ങള്‍ കെട്ടാന്‍ അനുമതി നല്‍കുന്നതിനെ കോടതി വിമര്‍ശിച്ചു. ഇങ്ങനെ പോയാല്‍ കോടതി ഉത്തരവുകള്‍ എങ്ങനെ നടപ്പാക്കപ്പെടുമെന്ന് കോടതി ആരാഞ്ഞു.

പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടില്ലാതെ പാതയോരങ്ങളില്‍ കൊടിതോരണങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കാനായിരുന്നു സര്‍വകക്ഷി യോഗത്തിലെ തീരുമാനം. എന്നാല്‍ കോടതി ഉത്തരവുകളോട് ഇതാണ് സമീപനമെങ്കില്‍ പുതിയ കേരളമെന്ന് പറയരുതെന്നു ജസ്റ്റിസ് രാമചന്ദ്രന്‍ കുറ്റപ്പെടുത്തി.

കൊടിതോരണങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി വേണമെന്ന് പറയുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇക്കാര്യം കോടതിയില്‍ ആവശ്യപ്പെടാന്‍ ധൈര്യം കാണിക്കാറില്ലെന്നും കോടതി വിമര്‍ശിച്ചു.

Also Read: സദാചാര പൊലീസിങ് അനുവദിക്കാനാവില്ല; ഒത്തുതീര്‍പ്പ് തള്ളി ഹൈക്കോടതി

പാതയോരത്തെ കൊടിതോരണങ്ങള്‍ നീക്കണമെന്ന ആവശ്യത്തില്‍ സ്വമേധയാ എടുത്ത കേസാണ് കോടതി പരിഗണിച്ചത്. കൊടിതോരണങ്ങള്‍ നീക്കുന്നതില്‍ നയം രൂപീകരിക്കുന്നതിനു സര്‍ക്കാര്‍ സാവകാശം തേടിയിരുന്നു. ഇതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചത്.

ഈ മാസം ആദ്യം എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിനു പാതയോരത്ത് കൊടിതോരണങ്ങള്‍ സ്ഥാപിച്ചതിനെ കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. നിയമലംഘനം നടക്കുന്നതില്‍ സര്‍ക്കാര്‍ നിലപാട് എന്തെന്ന് ആരാഞ്ഞ കോടതി, പാവപ്പെട്ടവര്‍ ഹെല്‍മറ്റ് വെച്ചില്ലങ്കില്‍ പിഴ ഈടാക്കുമെന്നും എന്നാല്‍ പാര്‍ട്ടിയുടെ നിയമ ലംഘനം സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നും കുറ്റപ്പെടുത്തിയിരുന്നു. കോടതി ഉത്തരവുകള്‍ പരസ്യമായി ലംഘിക്കുകയാണന്നും കോടതി പറഞ്ഞു.

ഇതിനെ ഉന്നമിട്ടു പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത വിമര്‍ശമുന്നയിരുന്നു. ചെങ്കൊടി കാണുമ്പോള്‍ ഹാലിളകുന്നത് മാടമ്പിത്തരമാണെന്നും മാടമ്പിമാരെ എങ്ങനെയാണ് നേരിട്ടതെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസിലാകുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: High court criticizes state all party meeting flags hoardings on footpath