കൊച്ചി: മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാൻസലർക്കും റജിസ്ട്രാർക്കും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതിയലക്ഷ്യ കേസിൽ വിളിച്ചുവരുത്തിയാണ് ഇരുവരെയും കോടതി ശാസിച്ചത്. നാലരയ്ക്ക് പിരിയും വരെ ഇരുവരും കോടതിയിൽ നിൽക്കണമെന്നും ജഡ്ജി ഉത്തരവിട്ടു. ഇരുവർക്കും പുറമേ സർവകലാശാലാ ഫിനാൻസ് കൺട്രോളറെയും കോടതി ശാസിച്ചു.

കരാർ അധ്യാപകർക്ക് ശമ്പളം നൽകണമെന്ന ഉത്തരവ് നടപ്പിലാക്കാത്തതിനെത്തുടർന്നാണ് നടപടി. അര്‍ഹമായ വേതനവും ആനുകൂല്യങ്ങളും നല്‍കാനുള്ള ഹൈക്കോടതി ഉത്തരവ് പാലിക്കുന്നില്ലെന്നാരോപിച്ച് ഒരു കൂട്ടം കരാര്‍ അധ്യാപകര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നടപടി എടുത്തത്. നടപടിക്രമം പാലിച്ചായിരുന്നു നിയമനമെങ്കിലും സര്‍വകലാശാല ഇവരെ കരാര്‍ അധ്യാപകരായി നിലനിര്‍ത്തുകയായിരുന്നു. വര്‍ഷംതോറും കരാര്‍ പുതുക്കി നല്‍കുകയും ചെയ്തു. ഇവര്‍ നല്‍കിയ ഹർജിയില്‍ സ്ഥിരംനിയമനം ലഭിച്ച അധ്യാപകരുടെ വേതനവും ആനുകൂല്യങ്ങളും നല്‍കാന്‍ സിംഗിള്‍ബെഞ്ച് നേരത്തേ ഉത്തരവിട്ടിരുന്നു.

2016 ഡിസംബര്‍ ഏഴിന് ഡിവിഷന്‍ ബെഞ്ച് ഇതു ശരിവച്ചു. സര്‍വകാലശാല ഇതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ജൂലൈ മൂന്നിന് അപ്പീല്‍ തള്ളി. തുടര്‍ന്നാണ് അധ്യാപകര്‍ കോടതിയലക്ഷ്യ ഹർജി നല്‍കിയത്. ഉത്തരവു നടപ്പാക്കാന്‍ സമയം വേണമെന്നായിരുന്നു സര്‍വകലാശാലയുടെ വാദം. എന്നാല്‍, ഇതിനായി സമയമെന്തിനാണെന്നു മനസ്സിലാവുന്നില്ലെന്ന് ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.

അധ്യാപകരുടെ രേഖകളെല്ലാം സര്‍വകലാശാലയുടെ പക്കലുണ്ട്. ഉത്തരവു നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ അതിനു ദിവസങ്ങള്‍ മാത്രം മതി. വര്‍ഷങ്ങളൊന്നും വേണ്ട. സര്‍വകലാശാലയുടെ ഭാഗത്തുനിന്ന് കോടതിയലക്ഷ്യമുണ്ടായെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും ഇടക്കാല ഉത്തരവില്‍ കോടതി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ