കൊച്ചി: സർക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. എല്ലാം ശരിയാക്കാൻ ഇനി ആര് വരുമെന്ന് കോടതി ചോദിച്ചു. മൂന്നാറിലെ ലൗ ഡെയ്ൽ റിസോർട്ടുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ പരാമര്‍ശം. വേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തിയും ആര്‍ജ്ജവവുമാണെന്നും കോടതി പറഞ്ഞു.

കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ഉത്തരവുകൾ മുൻകാലത്തും കോടതികളിൽ നിന്ന് ഉണ്ടായിട്ടുണ്ട്. ഇത് നടപ്പാക്കുക മാത്രമാണ് വേണ്ടത്. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞാണ് സർക്കാർ അധികാരത്തിൽ കയറിയത്. കാര്യങ്ങള്‍ ശരിയാകുന്നില്ല എന്നത് പൊതുജന താത്പര്യത്തിന് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.

റിസോർട്ട് നിൽക്കുന്നത് സർക്കാർ ഭൂമിയിലാണെന്നും ഒഴിപ്പിക്കുന്നതിന് സർക്കാരിന് തടസമില്ലെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഈ കേസിന്‍റെ വിധി പകർപ്പിലാണ് സർക്കാരിനോട് സുപ്രധാന ചോദ്യങ്ങൾ ഹൈക്കോടതി ഉന്നയിക്കുന്നത്.

ലൗ ഡെയ്ൽ റിസോർട്ട് ഒഴിപ്പിക്കാൻ നോട്ടീസ് നൽകിയ ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ സ്ഥലം മാറ്റിയ ശേഷമാണ് കേസിന്‍റെ വിധി പകർപ്പ് പുറത്തുവരുന്നത്. സബ് കളക്ടറുടെ നോട്ടീസ് ചോദ്യം ചെയ്ത് റിസോർട്ട് ഉടമ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു.

നേരത്തേ ലൗ ഡെയ്ൽ റിസോർട്ട് കൈയ്യേറിയത് സർക്കാർ ഭൂമിയല്ലെന്ന് ഉദ്യോഗസ്ഥർ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ ശ്രീറാം വെങ്കിട്ടരാമൻ ദേവികുളം സബ് കളക്ടർ ആയി ചുമതലയേറ്റ ശേഷം സർക്കാർ ഭൂമി തിരിച്ച് പിടിക്കാൻ ശക്തമായ നടപടികളാണ് സ്വീകരിച്ചത്. ഇദ്ദേഹം സമർപ്പിച്ച റിപ്പോർട്ട് പ്രകാരമാണ് ഹൈക്കോടതി സർക്കാരിന് അനുകൂലമായി ഇന്നലെ വിധി പുറപ്പെടുവിച്ചത്.

തുടക്കം മുതൽ തന്നെ ദേവികുളം എംഎൽഎ ഉള്‍പ്പെടെ ഉളളവരും രാഷ്ട്രീയ കക്ഷികളും പ്രാദേശിക ഘടകങ്ങളും ശ്രീറാം വെങ്കിട്ടരാമനെതിരെ നിലപാടെടുത്തിരുന്നു. കൈയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതോടെയാണ് എതിർപ്പുകൾ ഉയർന്നത്.

അതേസമയം നിലവിലെ നിയമനത്തിൽ നിന്ന് കൂടുതൽ ഉയർന്ന സ്ഥാനത്തേക്കാണ് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയിരിക്കുന്നത്. ഇത് സ്വാഭാവിക സ്ഥാനക്കയറ്റമാണെന്നാണ് സർക്കാർ വിശദീകരിക്കുന്നത്. ഇന്നലെ ഹൈക്കോടതിയിൽ സർക്കാർ സ്വകാര്യ റിസോർട്ടിനെതിരെ വിജയിച്ച സമയത്താണ് അടിയന്തിര നടപടി മന്ത്രിസഭയുടെ ഭാഗത്ത് നിന്നുണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ