കൊച്ചി: ബ്രഹ്മപുരം തീപിടിത്ത വിഷയം പരിഗണിച്ചപ്പോൾ എറണാകുളം കലക്ടര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. കേസ് പരിഗണിച്ചപ്പോള്‍ കലക്ടര്‍ നേരിട്ട് എത്താത്തതാണ് കോടതിയുടെ വിമർശനത്തിന് ഇടയാക്കിയത്. ഓണ്‍ലൈനായാണ് കലക്ടര്‍ ഹാജരായത്. വിഷയത്തെ ലാഘവത്തോടെയാണോ കാണുന്നതെന്ന് ചോദിച്ച കോടതി ഇത് കുട്ടിക്കളി അല്ലെന്നും വ്യക്തമാക്കി.
എല്ലാ സെക്ടറിലെയും തീ ഇന്നലെ കെടുത്തിയിരുന്നുവെന്നും എന്നാല്‍ സെക്ടർ ഒന്നിൽ ഇന്ന് രാവിലെ വീണ്ടും തീ ഉണ്ടായെന്നും കലക്ടർ കോടതിയെ അറിയിച്ചു. ഇനിയും ഏഴു ദിവസം കൂടി കർശന നിരീക്ഷണം തുടരുമെന്നും എക്യുഐ (എയർ ക്വാളിറ്റി ഇൻഡക്സ്) പ്രകാരം മലനീകരണം കുറഞ്ഞുവെന്നും കലക്ടർ വ്യക്തമാക്കി.
അതേസമയം, ആധുനിക നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിക്കാൻ കൊച്ചി നഗരസഭ നൽകിയ കരാറും കഴിഞ്ഞ 7 വർഷം ഇതിനായി ചിലവാക്കിയ പണത്തിന്റെ കണക്കും ഹാജരാക്കാൻ കോര്‍പറേഷൻ സെക്രട്ടറിയോട് ഹൈക്കോടതി നിർദേശിച്ചു. ബ്രഹ്‌മപുരത്തെ പ്ലാന്റിന്റെ പ്രവര്‍ത്തന ശേഷി തൃപ്തികരമല്ലെന്നും നഷ്ടപരിഹാരം ഈടാക്കുമെന്നും മലീനികരണ നിയന്ത്രണ ബോര്‍ഡ് കോടതിയില്‍ പറഞ്ഞു.
രാജ്യത്തെ ഏറ്റവും മലിനീകരണ നഗരങ്ങളിൽ ഒന്നായി കൊച്ചി മാറിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മറ്റേതിനെക്കാളും വലുതല്ല പരിസ്ഥിതിയും മലിനീകരണവും. പ്രശ്നം പരിഹരിക്കാൻ കോടതിയുടെ വേനൽ കാല അവധി വേണ്ടെന് വയ്ക്കാൻ തയ്യാറാണെന്ന് കോടതി അറിയിച്ചു. കോടതി കാഴ്ചക്കാരനായി നോക്കിയിരിക്കില്ലെന്നും അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ അത് അപലപനീയമെന്നും പറഞ്ഞു.
മലിനീകരണം മൂലം മരണം ഉണ്ടായെന്നു അഭിഭാഷകൻ കോടതിയെ അറിയിച്ചു. മരിച്ച പുക ശ്വസിച്ചതാണോ മരണ കാരണമെന്ന് അറിയിക്കാനും മരിച്ചയാഉുടെ രോഗ വിവരങ്ങൾ അടക്കം ഹാജരാക്കാനും സർക്കാരിനോട് ആവശ്യപ്പെട്ടു.