കൊച്ചി: നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസിനെ അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പരാതിക്കാരില്ലാത്ത കേസിൽ പൊലീസ് എന്തിനിടപെട്ടുവെന്ന് കോടതി ചോദിച്ചു. കോടതിയെ വിഡ്ഢിയാക്കുന്ന പൊലീസുകാരെ എന്തു ചെയ്യണമെന്ന് കോടതിക്കറിയാമെന്നും ഉദ്യോഗസ്ഥനെതിരെ കോടതി എഴുതിയാല്‍ ഒരു രാഷ്ട്രീയക്കാരനും രക്ഷിക്കാനാകില്ലെന്നും ജസ്റ്റിസ് എബ്രാഹം മാത്യു പറഞ്ഞു.

പരാതിക്കാരന്റെ ആദ്യ മൊഴിയിൽ ഇല്ലാതിരുന്ന വകുപ്പുകൾ പൊലീസ് പിന്നീട് കൂട്ടിച്ചേർത്തതാണ്. ഇതിൽ ദുരുദ്ദേശ്യമുണ്ട്. തെറ്റായ പ്രോസിക്യൂഷൻ നടപടികളാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായതെങ്കിൽ, ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചപ്പോളാണ് കോടതി പൊലീസിനെതിരെ രൂക്ഷ വിമർശമുന്നയിച്ചത്.

പൊതുജന താൽപര്യം നോക്കിയല്ല കേസ് അന്വേഷിക്കേണ്ടത്. ലഭ്യമാകുന്ന തെളിവുകളുടേയും മൊഴികളുടേയും അടിസ്ഥാനത്തിലായിക്കണം അന്വേഷിക്കേണ്ടതെന്നും കോടതി വിമര്‍ശിച്ചു. നേരത്തെ കൃഷ്ണദാസ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.

അതിനിടെയാണ് തിങ്കളാഴ്ച ഉച്ചയോടെ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസ് അടക്കം അഞ്ചുപേരെ, പാലക്കാട് ലക്കിടി ജവഹർ ലാ കോളജ് വിദ്യാർത്ഥി ഷഹീർ ഷൗക്കത്തലിയെ മർദിച്ച കേസിൽ അറസ്റ്റ് ചെയ്തത്. അതേസമയം, പി. കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതു ഹൈക്കോടതി ചൊവ്വാഴ്ചത്തേക്കു മാറ്റിവെച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ