കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൊലീസിന് ഹൈക്കോടതിയുടെ വിമർശനം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണം എന്നു തീരുമെന്ന് ഹൈക്കോടതി ചോദിച്ചു. ഇത് സിനിമയുടെ തിരക്കഥ പോലെയാണോ?. ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോ?. ആരെയെങ്കിലും തൃപ്തിപ്പെടുത്താനാകരുത് ചോദ്യം ചെയ്യൽ. പൾസർ സുനിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുന്നത് വാർത്ത സൃഷ്ടിക്കാനാണോ. ഫെബ്രുവരിയിൽ തുടങ്ങിയ അന്വേഷണം നീണ്ടുപോകുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കി. നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ വിമർശനം.

രണ്ടാഴ്ചയ്ക്കുളളിൽ അന്വേഷണം തീർക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ മറുപടി നൽകി. കേസിൽ നാദിർഷായെ പ്രതി ചേർത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പ്രതി ചേർക്കാത്ത ഒരാളുടെ മുൻകൂർ ജാമ്യാപേക്ഷ പൊലീസ് എതിർക്കുന്നത് എന്തിനാണെന്നായിരുന്നു കോടതിയുടെ ചോദ്യം. അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് നാദിർഷാ കോടതിയെ അറിയിച്ചു. മറ്റന്നാൾ നാദിർഷാ ചോദ്യം ചെയ്യലിന് ഹാജരാകണം.

നടിയെ ആക്രമിച്ച കേസിലെ തെളിവുകൾ നാദിർഷാ നശിപ്പിച്ചുവെന്നാണ് പൊലീസിന്റെ സംശയം. ഇതേ തുടർന്നാണ് ഇദ്ദേഹത്തോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച നൽകിയ നോട്ടീസിൽ തിങ്കളാഴ്ച ഹാജരാകണമെന്നായിരുന്നു ആവശ്യം. എന്നാൽ നാദിർഷ നോട്ടീസ് ലഭിച്ച ഉടൻ ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് വിധേയനായി. ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതോടെ നാദിർഷയെ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനകൾ ശക്തമായി ഉയർന്നിരുന്നു.

ഇന്നലെ പൾസർ സുനി നാദിർഷായ്ക്കെതിരെ നൽകിയ മൊഴി പുറത്തുവന്നിരുന്നു. ദിലിപ് നിർദ്ദേശിച്ച പ്രകാരം തൊടുപുഴയിൽ കട്ടപ്പനയിലെ ഹൃത്വിക് റോഷൻ സിനിമ സെറ്റിലെത്തി നാദിർഷായുടെ മാനേജരിൽ നിന്ന് 25000 രൂപ കൈപ്പറ്റിയെന്നായിരുന്നു സുനിയുടെ മൊഴി. നടിയെ ആക്രമിക്കുന്നതിനു മുൻപായിരുന്നു ഇത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ