കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരെ ഹൈക്കോടതി. റോഡ് നന്നാക്കാൻ ആളുകൾ മരിക്കണോയെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. ഹൈക്കോടതി ജഡ്ജിമാർ നൽകിയ കത്ത് പൊതുതാൽപര്യ ഹർജിയായി സ്വീകരിച്ചായിരുന്നു കോടതിയുടെ പരാമർശം.
എറണാകുളത്തെ റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ച് ഹൈക്കോടതി ജഡ്ജിമാർ ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിരുന്നു. റോഡുകളുടെ ശോച്യാവസ്ഥ പരഹരിക്കുന്നതിന് ഹൈക്കോടതി ഇടപെടണമെന്നായിരുന്നു കത്തിലെ ആവശ്യം. ഇതിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.
സംസ്ഥാനത്തെ റോഡുകളുടെ സ്ഥിതി വളരെ മോശമായെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിഐപി വന്നാലേ റോഡ് നന്നാക്കൂ എന്ന സ്ഥിതി മാറണം. ടാറിങ് വൈകുന്നതിന് കാരണം മഴയാണെന്ന സർക്കാരിന്റെ നിലപാട് അംഗീകരിക്കാനാവില്ല. ഭൂകമ്പം അല്ലല്ലോ വന്നതെന്ന് കോടതി ചോദിച്ചു.
ദീർഘവീക്ഷണമില്ലാതെയാണ് സംസ്ഥാനത്ത് റോഡുകൾ പണിയുന്നത്. റോഡിൽ ജീവനുകൾ നഷ്ടമാകരുത്. സംസ്ഥാന സർക്കാരിന് ഇങ്ങനെ മുന്നോട്ടു പോകാനാവില്ലെന്ന് പറഞ്ഞ കോടതി റോഡുകൾ നന്നാക്കുന്നതിന് എന്ത് നടപടി സ്വീകരിച്ചുവെന്ന് ഒരാഴ്ചയ്ക്കകം അറിയിക്കാനും സർക്കാരിനോട് നിർദ്ദേശിച്ചു.