കൊച്ചി: 50 കോടി രൂപയുടെ സിനിമാ പ്രോജക്ടുകൾ അവതാളത്തിലാണെന്ന് നടൻ ദിലീപ്. സാക്ഷികളെ സ്വാധീനിച്ചിട്ടില്ല. പരസ്യ സംവിധായകൻ ശ്രീകുമാർ മേനോന് എന്നോട് ശത്രുതയുണ്ട്. മഞ്ജു വാര്യർക്ക് എഡിജിപി സന്ധ്യയുമായി അടുത്ത ബന്ധമുണ്ടെന്നും ഹൈക്കോടതിയിൽ നൽകിയ ജാമ്യ ഹർജിയിൽ ദിലീപ് ഉന്നയിച്ചിട്ടുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. സുനിൽ കുമാർ (പൾസർ സുനി) സ്ഥിരം കുറ്റവാളിയാണ്. ഇയാളുടെ വാക്കുകളാണ് പൊലീസ് വിശ്വസിക്കുന്നതെന്നും ദിലീപ് ജാമ്യാപേക്ഷയിൽ പറയുന്നു.

മൂന്നാം തവണയാണ് ദിലീപ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നത്. നേരത്തെ രണ്ടു തവണ നൽകിയെങ്കിലും ഹൈക്കോടതി തളളിയിരുന്നു. രണ്ടുതവണ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തളളിയിരുന്നു. ദിലീപിന് സോപാധിക ജാമ്യത്തിന് അര്‍ഹതയില്ലെന്ന് ജാമ്യാപേക്ഷ നിരസിച്ചുകൊണ്ട് ഇന്നലെ മജിസ്ട്രേറ്റ് കോടതി പറഞ്ഞിരുന്നു. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ മാത്രമേ സോപാധിക ജാമ്യത്തിന് അര്‍ഹതയുള്ളൂവെന്നും കോടതി വ്യക്തമാക്കി.

ദിലീപിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത് ഗുരുതര കുറ്റങ്ങളാണ്. 20 വര്‍ഷം വരെ കഠിനതടവ് അല്ലെങ്കില്‍ ജീവിതാന്ത്യം വരെ ജയിലില്‍ കഴിയേണ്ടത്ര കാഠിന്യമുള്ള കുറ്റമാണ് ദിലീപ് ചെയ്തതെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. ഈ സാഹചര്യത്തില്‍ പ്രതിക്ക് സോപാധിക ജാമ്യത്തിന്‌ അര്‍ഹതയില്ലെന്നും പ്രോസിക്യൂഷന്‍ പറയുന്നു. ഈ സാഹചര്യത്തിലായിരുന്നു 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ മാത്രമേ സോപാധിക ജാമ്യത്തിന് അര്‍ഹതയുള്ളൂവെന്ന് കോടതി പറഞ്ഞത്.

അതേസമയം, നടിയെ ആക്രമിച്ചതിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാകുന്നതായി റിപ്പോർട്ടുകളുണ്ട്. ദിലീപ് അറസ്റ്റിലായിട്ട് 90 ദിവസം തികയുന്ന ഒക്ടോബര്‍ പത്തിനുമുമ്പ് കുറ്റപത്രം നല്‍കിയേക്കുമെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ