തിരുവനന്തപുരം: ആനന്ദ് പട്‌വര്‍ധന്റെ ഡോക്യുമെന്ററി “റീസൺ” രാജ്യാന്തര ഡോക്യുമെന്ററി ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകി. ചിത്രത്തിന് അനുമതി നിഷേധിച്ച കേന്ദ്രവാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നടപടി ചോദ്യം ചെയ്ത് ചലച്ചിത്ര അക്കാദമിയും ആനന്ദ് പട്‌വര്‍ധനും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

ചിത്രത്തിന്റെ പ്രമേയം ഹിന്ദുത്വ വിരുദ്ധമാണെന്നും മോദി സര്‍ക്കാരിനെതിരാണെന്നും ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്നും ആരോപിച്ചാണ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. രാജ്യത്ത് നടന്ന ചില സംഭവങ്ങള്‍ ചിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ടന്നും കേന്ദ്രം കോടതിയില്‍ ആരോപിച്ചു

ആരാണ് സിനിമയുടെ പ്രേക്ഷകൻ എന്ന് വ്യക്തമാക്കാൻ കോടതി കേന്ദ്ര സർക്കാരിനോട് വാദത്തിനിടെ ആവശ്യപ്പെട്ടു. ചിത്രത്തിനു പ്രദർശനാനുമതി നൽകൽ മാത്രമാണ് തങ്ങളുടെ ചുമതല എന്ന് കേന്ദ്രം വ്യക്തമാക്കി. മേളകളിൽ പ്രദർശിപ്പിക്കുന്നതിന് കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ ബോർഡിന്റെ അനുമതി വേണ്ടന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

26 -ാം തിയതി തന്നെ ചിത്രം പ്രദര്‍ശിപ്പിക്കാമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ഡോക്യുമെന്ററിക്ക് സെന്‍സര്‍ ഇളവ് നല്‍കാന്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം തയ്യാറാവാത്തതിനാല്‍ ചലച്ചിത്ര അക്കാദമിക്ക് പ്രദര്‍ശനം നീട്ടി വയ്ക്കേണ്ടി വരികയായിരുന്നു.

തന്റെ സിനിമ കാണുക പോലും ചെയ്യാതെ കലാപമുണ്ടാക്കുന്ന സൃഷ്ടിയെന്ന് പറഞ്ഞ് അനുമതി നിഷേധിക്കുകയായിരുന്നെന്ന് ഹർജിയില്‍ പട്‌വര്‍ധന്‍ പറഞ്ഞിരുന്നു. ദബോല്‍ക്കര്‍, പന്‍സാരെ തുടങ്ങിയ യുക്തിവാദികളെ ഹിന്ദുത്വ തീവ്രവാദികള്‍ കൊലപ്പെടുത്തിയ സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്.

കേന്ദ്രാനുമതി കിട്ടുമെന്ന പ്രതീക്ഷയില്‍ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ഫെസ്റ്റിവലിന്റെ അവസാന ദിവസത്തേക്കാക്കി കേരള ചലച്ചിത്ര അക്കാദമി നീട്ടിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.