കൊച്ചി: 84 ദിവസത്തെ വാക്സിൻ ഇടവേള ഇളവ് ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇടവേള 84 ദിവസമായി നിജപ്പെടുത്തിയിട്ടുള്ള കേന്ദ്ര സർക്കാർ മാർഗരേഖ കോടതി ശരിവച്ചു. കിറ്റക്സ് കമ്പനിക്കനുകൂലമായ വിധിക്കെതിരെ കേന്ദ്ര ആരോഗ്യ വകുപ്പു സെക്രട്ടറി സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാർ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
പണം നൽകി വാക്സിൻ എടുക്കുന്നവർക്ക് രണ്ടാം ഡോസ് നാലാഴ്ച കഴിഞ്ഞ് നൽകാനായിരുന്നു സിംഗിൾ ബെഞ്ച് നിർദേശം. കോവിൻ പോർട്ടലിൽ ഇതിനാവശ്യമായ മാറ്റം വരുത്താനും കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകിയിരുന്നു. ജീവനക്കാർക്ക് പണം മുടക്കി ആദ്യ ഡോസ് വാക്സിൻ നൽകിയെന്നും രണ്ടാം ഡോസ് നൽകുന്നതിന് അനുമതി തേടിയിട്ടും ആരോഗ്യ വകുപ്പ് നൽകുന്നില്ലെന്നും ചൂണ്ടിക്കാട്ടി കിറ്റക്സ് കമ്പനി സമർപ്പിച്ച ഹർജിയിലായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്.
വിദഗ്ധ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടവേള 84 ദിവസമായി നിശ്ചയിച്ചതെന്ന കേന്ദ്ര സർക്കാർ വാദം കോടതി അംഗീകരിച്ചു.
Read More: കോവിഷീല്‍ഡിന്റെ ഇടവേള കുറച്ചു; 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് സ്വീകരിക്കാമെന്ന് ഹൈക്കോടതി