കൊച്ചി: പമ്പാ- ത്രിവേണി പ്രദേശത്ത് പ്രളയത്തെ തുടർന്ന് അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്തതിലെ അഴിമതി ആരോപണത്തിൽ ത്വരിതാന്വേഷണം നടത്താൻ നിർദ്ദേശിച്ചുള്ള തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
2018 ലെ അതിശക്തമായ പ്രളയത്തെ തുടർന്ന് പമ്പാ – ത്രിവേണി പ്രദേശത്ത് അടിഞ്ഞുകൂടിയ മണ്ണ്, ചെളി, പ്ലാസ്റ്റിക് തുണി മാലിന്യങ്ങൾ എന്നിവ സൗജന്യമായി നീക്കം ചെയ്യുന്നതിനായി കേരളാ ക്ലേയ്സ് ആന്റ് സെറാമിക് പ്രോടക്സ് എന്ന പൊതുമേഖലാ സ്ഥാപനത്തിന് അനുമതി നൽകി, ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിൽ അന്നത്തെ പത്തനംതിട്ട ജില്ലാ കലക്ടർ പി.ബി.നൂഹ് ഉത്തരവിട്ടിരുന്നു.
വനം വന്യജീവി വകുപ്പിന്റെ അധീനതയിലുള്ള മണൽ നീക്കം ചെയ്യുന്നതിന് അവരുടെ അനുവാദം കൂടാതെ പൊതുമേഖലാ സ്ഥാപനത്തിന് നൽകിയതിൽ അഴിമതി ആരോപിച്ചും വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടും അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. ഡയറക്ടർ പരാതി ഗവൺമെന്റിൽ അയച്ചു. പമ്പാ നദിയുടെ സ്വാഭാവിക നീരൊഴുക്ക് പുനഃസ്ഥാപിക്കുന്നതിനും, നദിയുടെ ജല സംഭരണശേഷി വർധിപ്പിക്കുന്നതിനും, ഭാവിയിൽ പ്രളയ സാധ്യത ഒഴിവാക്കുന്നതിനുമാണ് കലക്ടർ ഉത്തരവ് ഇറക്കിയതെന്നും അതിനാൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്നും വ്യക്തമാക്കി ഗവൺമെന്റ് ഉത്തരവ് ഇറക്കി.
ഇതിനിടയിൽ അഴിമതി ആരോപണം ആവർത്തിച്ച് ചെന്നിത്തല പത്തനംതിട്ട ജില്ലാ കലക്ടർ, അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ്, മാനേജിങ് ഡയറക്ടർ, ക്ലേയ്സ് ആന്റ് സെറാമിക്സ് പ്രോഡക്ട്സ് എന്നിവർക്കെതിരെ തിരുവന്തപുരം വിജിലൻസ് കോടതിയിൽ ഹർജി ഫയൽ ചെയ്തു. ത്വരിതാന്വേഷണം നടത്താൻ വിജിലൻസ് കോടതി ഉത്തരവിട്ടു. ഉത്തരവിനെതിരെ വിജിലൻസ് ഡയറക്ടർ ഹൈക്കോടതിയിൽ റിവിഷൻ ഹർജി സമർപ്പിച്ചു. വിജിലൻസ് അന്വേഷണം നിരസിച്ച ഗവൺമെന്റ് ഉത്തരവ് നിലനിൽക്കെ ത്വരിതാന്വേഷണം നടത്താൻ വിജിലൻസ് കോടതിക്ക് അധികാരമില്ലെന്ന് കണ്ട് ജ.സുനിൽ തോമസ് വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കി. വിജിലൻസ് അന്വേഷണം നിരസിച്ച ഗവ.ഉത്തരവ് ചോദ്യം ചെയ്യുന്നതിനുള്ള അവകാശം നിലനിർത്തിയാണ് ഹൈക്കോടതി ഉത്തരവ്. വിജിലൻസ് ഡയറക്ടർക്ക് വേണ്ടി സ്പെഷ്യൽ ഗവ. പ്ലീഡർ( വിജിലൻസ്) എ.രാജേഷ് ഹാജരായി.
Read More: നടിയെ ആക്രമിച്ച കേസ്: കോടതിയിൽ നിന്ന് രഹസ്യരേഖ ചോർന്നിട്ടില്ലെന്ന് വിചാരണക്കോടതി