കൊച്ചി: കേരള ഫിഷറീസ് സർവകലാശാല (കുഫോസ്) വി.സി നിയമനം ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് നിയമനം റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. കുഫോസ് വി.സി ഡോ.കെ.റിജി ജോണിന്റെ നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന ഹർജി കോടതി അംഗീകരിച്ചു.
വി.സി നിയമന പട്ടികയിൽ ഉണ്ടായിരുന്ന എറണാകുളം സ്വദേശി ഡോ.കെ.കെവിജയനാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. റിജി ജോണിന് മതിയായ യോഗ്യത ഇല്ലെന്നായിരുന്നു ഹർജിക്കാരന്റെ പ്രധാന വാദം. യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ച് വി.സിയാകാൻ ഒരു സർവകലാശാലയിൽ പ്രൊഫസറായി 10 വർഷത്തെ പ്രവർത്തി പരിചയം വേണം. റിജി ജോണിന് ഈ പ്രവർത്തി പരിചയം ഇല്ലെന്നാണ് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയത്.
റിജി ജോണിനെ നിർദേശിച്ച സെർച്ച് കമ്മിറ്റിയിൽ അക്കാദമിക് യോഗ്യത ഇല്ലാത്തവർ ഉണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മൂന്നു പേർ ഉൾപ്പെടുന്ന പട്ടികയാണ് സേർച്ച് കമ്മിറ്റി നൽകേണ്ടത്. ഇതിനു പകരം ഒറ്റപ്പേര് മാത്രം നിർദേശിച്ചത് ചട്ടവിരുദ്ധമാണെന്നും ഹർജിക്കാർ ആരോപിച്ചു.
യുജിസി മാനദണ്ഡം കുഫോസ് വി.സി നിയമനത്തിന് ബാധകമല്ലെന്ന സർക്കാർ വാദം കോടതി തള്ളി. കാർഷിക വിദ്യാഭ്യാസം സ്റ്റേറ്റ് ലിസ്റ്റിലുള്ളതായതിനാൽ യു.ജി.സി മാനദണ്ഡങ്ങൾ കുഫോസ് വിസി നിയമനത്തിന് ബാധകമല്ലെന്നായിരുന്നു സർക്കാരിന്റെ വാദം.
യുജിസി മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് കോടതി അറിയിച്ചു. പുതിയ സേർച്ച് കമ്മിറ്റി രൂപീകരിക്കണം. രൂപീകരണ നടപടികളിലേക്ക് ചാൻസലർമാർക്ക് കടക്കാമെന്നും കോടതി വ്യക്തമാക്കി.
2021 ജനുവരി 23നാണ് കുഫോസ് ഡീൻ ആയിരുന്ന ഡോ.കെ.റിജി ജോണിനെ സർവകലാശാല വിസിയായി നിയമിച്ചത്.