കൊച്ചി: പത്ത് വർഷത്തിലധികം തടവിൽ കിടന്ന തടവുകാരെ വിട്ടയച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 2011ൽ ഇടതു സർക്കാരാണ് 209 തടവുകാരെ വിട്ടയച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഇതാണ് ഹൈക്കോടതി ഫുൾ ബെഞ്ച് റദ്ദാക്കിയത്.
മഹാത്മ ഗാന്ധിജിയുടെ 150-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് 10 വർഷത്തിലധികം ജയിൽ കിടന്നവരെ വിട്ടയയ്ക്കാൻ കേന്ദ്ര സർക്കാർ തിരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 209 തടവുകാരെ വിട്ടയയ്ക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. പൂജപ്പുര ജയിലിൽനിന്നും 28 പേരെയും നെട്ടുകാൽത്തേരി തുറന്ന ജയിലിൽനിന്നന് 111 പേരെയും ണ്ണൂർ ജയിലിൽനിന്നും 45 പേരെയും ചീമേനി തുറന്ന ജയിലിൽനിന്ന് 24 പേരെയുമാണ് വിട്ടയച്ചത്. വിട്ടയച്ചവരിൽ കെ.ടി.ജയകൃഷ്ണൻ മാസ്റ്റർ വധക്കേസ് പ്രതിയും ഉണ്ടായിരുന്നു. ഇത് ഏറെ വിവാദമായിരുന്നു.
തടവുകാരെ കൂട്ടത്തോടെ വിട്ടയച്ചതിനെതിര കോടതിക്കു മുൻപാകെ പൊതു താൽപര്യ ഹർജികളെത്തിയിരുന്നു. ഇതിനു മറുപടിയായി 14 വർഷം തടവ് അനുഭവിച്ചവരെയാണ് പുറത്ത് വിട്ടതെന്നായിരുന്നു അറ്റോർണി ജനറൽ കോടതിയെ അറിയിച്ചത്. ഹൈക്കോടതി നിർദ്ദേശ പ്രകാരം സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ 14 വർഷം പൂർത്തിയാക്കിയ നാലു പേർ മാത്രമാണ് 209 പേരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നത്. 100 പേർ 10 വർഷത്തിൽ താഴെ ശിക്ഷാ കാലാവധി പൂർത്തിയാക്കിയവരായിരുന്നു.
ഹൈക്കോടതിക്കു മുൻപിലെത്തിയ പൊതുതാൽപര്യ ഹർജികൾ പരിഗണിച്ചാണ് 209 പേരെയും വിട്ടയച്ച ഉത്തരവ് ഹൈക്കോടതി ഇപ്പോൾ റദ്ദാക്കിയത്. പുറത്തിറങ്ങിയവരുടെ വിവരങ്ങൾ ഗവർണർ പരിശോധിക്കണം. ആറു മാസത്തിനകം പരിശോധന പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇവർ നല്ല ജീവിതം തുടരുകയാണോയെന്നും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കണം. പുറത്തിറങ്ങിയവർ യോഗ്യതയില്ലാത്തവരാണെങ്കിൽ ശിഷ്ട ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതിയുടെ ഭാഗത്തുനിന്നും പരാമർശമുണ്ടായി.