Latest News

പാലാരിവട്ടത്ത് ‘പഞ്ചവടിപ്പാലം’; വിമര്‍ശിച്ച് ഹൈക്കോടതിയും

കരാർ കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കാന്‍ അനുമതി നല്‍കിയത് അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞാണെന്ന് ഹൈക്കോടതിയിലാണ് ടി.ഒ.സൂരജ് വെളിപ്പെടുത്തിയത്

Palarivattam fly over, reconstruction , Kochi
Palarivattam fly over

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പാലാരിവട്ടത്ത് ‘പഞ്ചവടിപ്പാലം’ സിനിമ യാഥാര്‍ഥ്യമായെന്ന് ഹൈക്കോടതി പറഞ്ഞു. കേസില്‍ അറസ്റ്റിലായ കരാര്‍ കമ്പനി എംഡി സുമിത് ഗോയല്‍, പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ.സൂരജ്, ആര്‍ബിസിഡികെ മുന്‍ എജിഎം എം.ടി.തങ്കച്ചന്‍ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ജസ്റ്റിസ് പി.ഉബൈദിന്റെ പരാമര്‍ശം. പാലാരിവട്ടം മേൽപ്പാലം അഴിമതിയിലെ അന്വേഷണ പുരോഗതി അറിയിക്കണമെന്ന് വിജിലൻസിന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.

പ്രതികളുടെ ജാമ്യാപേക്ഷകളെ വിജിലൻസ് എതിർത്തു. പ്രതികൾക്കെതിരെ തെളിവുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വിജിലൻസ് കോടതിയെ ബോധിപ്പിച്ചു. ജാമ്യം അനുവദിച്ചാൽ പ്രതികൾ തെളിവു നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും വിജിലൻസ് ബോധിപ്പിച്ചു.

Read Also: പാലാരിവട്ടത്തേത് സാങ്കേതിക പിഴവ് മാത്രം, അറസ്റ്റില്‍ ഭയമില്ല: ഇബ്രാഹിംകുഞ്ഞ്

കരാർ കമ്പനിയും ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നും സൂരജ് ഉൾപ്പെടെയുള്ളവർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സർക്കാറിന് നഷ്ടമുണ്ടാക്കിയെന്നും കരാറുകാരന് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നുമാണ് വിജിലൻസ് കേസ്. ജാമ്യാപേക്ഷകൾ കോടതി
ഈ മാസം 25 ലേക്ക് മാറ്റി.

പാലാരിവട്ടത്തേത് സാങ്കേതിക പിഴവ് മാത്രമാണെന്നാണ് അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ.ഇബ്രാഹിംകുഞ്ഞ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. നൂറ് ശതമാനം ആളുകള്‍ക്കും ഇത് വ്യക്തമായിട്ടുണ്ട്. മുന്‍കൂറായി പണം നല്‍കുന്നത് സര്‍ക്കാര്‍ നയമാണ്. ഇടപ്പള്ളി മേല്‍പ്പാല നിര്‍മ്മാണത്തിനും മുന്‍കൂര്‍ പണം നല്‍കിയിട്ടുണ്ട്. മൊബലൈസേഷന്‍ അഡ്വാന്‍സ് പോളിസിയായാണ് പണം നല്‍കിയത്. കാലാകാലങ്ങളായി നല്‍കുന്നതാണിത്. ആര്‍ബിഡിസിക്ക് മുന്‍കൂര്‍ പണം നല്‍കാനാണ് തീരുമാനിച്ചതെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

ഇബ്രാഹിംകുഞ്ഞിനെതിരെ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജ് ഗുരുതര ആരോപണങ്ങൾ കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിഷയത്തില്‍ പ്രതികരണവുമായി ഇബ്രാഹിംകുഞ്ഞ് രംഗത്തെത്തിയത്. പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുപണിയാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. അനുമതി നല്‍കുന്നുവെന്നതിനപ്പുറം മന്ത്രിമാര്‍ സാങ്കേതിക വിദഗ്ധരല്ല. മേല്‍പ്പാലം അഴിമതി കേസിൽ അറസ്റ്റിലാവുമെന്ന ഭയമില്ലെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

Read Also: നരേന്ദ്ര മോദിയുടെ ഭാര്യയ്ക്ക് സാരി സമ്മാനിച്ച് മമത; അപ്രതീക്ഷിത കണ്ടുമുട്ടല്‍

കരാർ കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കാന്‍ അനുമതി നല്‍കിയത് അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞാണെന്ന് ഹൈക്കോടതിയിലാണ് ടി.ഒ.സൂരജ് വെളിപ്പെടുത്തിയത്. കരാര്‍ വ്യവസ്ഥയില്‍ ഇളവ് ചെയ്യാനും കോടിക്കണക്കിന് രൂപ പലിശ ഇല്ലാതെ മുന്‍കൂറായി പണം നല്‍കാനും ഉത്തരവിട്ടത് ഇബ്രാഹിംകുഞ്ഞാണെന്ന് ടി.ഒ.സൂരജ് ഹൈക്കോടതിയില്‍ അറിയിച്ചു. പാലാരിവട്ടം മേൽപ്പാലം അഴിമതി കേസില്‍ റിമാന്‍ഡിലാണ് ടി.ഒ.സൂരജ്. മുന്‍ പൊതുമരാമത്ത് സെക്രട്ടറിയായ സൂരജ് 19 ദിവസമായി റിമാന്‍ഡിലാണ്.

സൂരജ് സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലാണ് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ ഇബ്രാഹിംകുഞ്ഞിനെതിരെ ഗുരുതര ആരോപണം. താന്‍ അഴിമതി ചെയ്തിട്ടില്ലെന്നും വിജിലന്‍സ് ആരോപിക്കുന്ന കുറ്റങ്ങള്‍ ചെയ്യാന്‍ രേഖാമൂലം ഉത്തരവിട്ടത് വി.കെ.ഇബ്രാഹിംകുഞ്ഞാണെന്നും സൂരജ് ജാമ്യഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.

കരാറിന് വിരുദ്ധമായി എട്ട് കോടി 25 ലക്ഷം രൂപ ആർഡി‌എസ് കമ്പനിക്ക് നൽകിയത് ശരിയാണ്. ആ തീരുമാനം താന്‍ എടുത്തതല്ല. ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും വിരുദ്ധമായി ഇത്രയും കോടി രൂപ കമ്പനിക്ക് നൽകാൻ രേഖാമൂലം ഉത്തരവിട്ടത് അന്ന് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞാണ്. മുൻകൂർ പണത്തിന് പലിശ ഈടാക്കാനുള്ള നിർദേശം ഉത്തരവിലുണ്ടായില്ല. എന്നാൽ, താനാണ് ഏഴ് ശതമാനം പലിശ ഈടാക്കാൻ ഉത്തരവിൽ കുറിപ്പെഴുതിയതെന്നും ടി.ഒ.സൂരജ് വ്യക്തമാക്കിയിട്ടുണ്ട്.

പലിശ കുറച്ച് കരാറുകാരന് മുൻകൂർ പണം നൽകിയതിനാണ് തന്നെ അറസ്റ്റ് ചെയ്തത്. ഇക്കാര്യത്തിൽ തീരുമാനമെടുത്തത് താനല്ലെന്നും അന്നത്തെ പൊതുമരാമത്ത് മന്ത്രിയാണെന്നും ടി.ഒ.സൂരജ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. സൂരജിന്റെ ആരോപണം ഇബ്രാഹിംകുഞ്ഞിനെ കൂടുതൽ വെട്ടിലാക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: High court calls palarivattam bridge as a panchavadippalam

The moderation of comments is automated and not cleared manually by malayalam.indianexpress.com