കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ അൻപതിൽ കൂടുതല്‍ ആളുകൾ പങ്കെടുക്കുന്ന കൂടിച്ചേരലുകള്‍ ഹൈക്കോടതി വിലക്കി. സിപിഎം കാസര്‍ഗോഡ് ജില്ലാ സമ്മേളനം ഇന്ന് ആരംഭിച്ചിരിക്കെയാണ് പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ചുള്ള കോടതിയുടെ ഇക്കാല ഉത്തരവ്.
ഹൈക്കോടതിയിലെ അഭിഭാഷക ഗുമസ്തനായ തിരുവനന്തപുരം സ്വദേശി അരുണ്‍ രാജ് സമർപ്പിച്ച ഹർജിയിൽ ഒരാഴ്ചത്തേക്കാണ് ജസ്റ്റിസുമാരായ എ വിനോദ് ചന്ദ്രനും സി ജയചന്ദ്രനും അടങ്ങുന്ന ബഞ്ചിന്റെ ഉത്തരവ്.
ജില്ലയില്‍ 50 പേരിൽ കൂടുതലുള്ള ഒത്തുചേരലുകൾ വിലക്കിക്കൊണ്ട് കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് 17ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന്, ഒരു പൊതുപരിപാടിയും പാടില്ലെന്ന് ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍ രണ്ടു മണിക്കൂറിനകം ഇത് പിന്‍വലിച്ചു. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് ഹർജി സമര്‍പ്പിച്ചത്.
കലക്ടര്‍ ഉത്തരവ് പിന്‍വലിച്ചത് സിപിഎം ജില്ലാ സമ്മേളന നടത്തിപ്പിനുവേണ്ടിയാണെന്നും ഇക്കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്ജിക്കാരന് കോടതിയെ സമീപിച്ചത്.
റിപ്പബ്ലിക് ദിനാഘോഷത്തില്‍ പോലും ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും രാഷ്ട്രീയപാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ക്ക് എന്താണ് പ്രത്യേകതയെന്നും കോടതി ചോദിച്ചു. സമ്മേളനങ്ങളില്‍ 50 പേരില്‍ കൂടുതല്‍ പേര് പങ്കെടുക്കുന്നില്ലെന്ന് കലക്ടര്‍ ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശം നല്കി. ഒരാഴ്ചത്തേക്കാണ് ഇടക്കാല ഉത്തരവിനു പ്രാബല്യം.
ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ വരുത്താനുള്ള തീരുമാന പ്രകാരമാണ് ഉത്തരവ് റദ്ദാക്കിയതെന്നായിരുന്നു കലക്ടര്‍ പറഞ്ഞത്. നേരത്തെ ടിപിആര്‍ അടിസ്ഥാനമാക്കിയായിരുന്നു നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സിപിഎം സമ്മേളനത്തിനുവേണ്ടിയാണു കലക്ടര്‍ ഉത്തരവ് പിന്‍വലിച്ചതെന്ന ആക്ഷേപം പരക്കെ ഉയര്‍ന്നിരുന്നു.
കാസർഗോട്ട് 36 ശതമാനമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ നിരക്കെന്നു ചൂണ്ടിക്കാട്ടിയ കോടതി, നിലവിലെ മാനദണ്ഡം യുക്തിസഹമാണോയെന്ന് ചോദിച്ചു. സർക്കാർ ഉത്തരവിൽ വ്യക്തതയില്ലെന്നും കോടതി നിരീക്ഷിച്ചു.
കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ സിപിഎം സമ്മേളനങ്ങള്‍ നടത്തുന്നത് വ്യാപക എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ മാറ്റം വരുത്തിയത് സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങള്‍ നടത്തുന്നതിന് സഹായിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ആരോപിച്ചു.
”ഇത്രയും നാള് നിയന്ത്രണങ്ങള്‍ ടിപിആറിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് കാറ്റഗറി തിരിച്ചാക്കി. സിപിഎമ്മിന്റെ സമ്മേളനങ്ങള്‍ നടക്കുന്ന തൃശൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ ഒരു കാറ്റഗറിയിലും ഉള്‍പ്പെടുന്നില്ല. രോഗവ്യാപന നിരക്ക് ഇരു ജില്ലകളിലും 30 ശതമാനത്തിന് മുകളിലാണ്. ഒരു ആള്‍ക്കൂട്ടവും ഉണ്ടാകാന്‍ പാടില്ല,” സതീശന് പറഞ്ഞു.
എന്നാല്‍, കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളുമെല്ലാം നിശ്ചയിച്ചത് സംസ്ഥാന സര്‍ക്കാരാണെന്നും പാര്‍ട്ടിയ്ക്ക് അതില്‍ ഇടപെടാന്‍ കഴിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ”സിപിഎം പ്രവര്‍ത്തകര്‍ക്കു രോഗം പിടിപെടണമെന്ന് സിപിഎമ്മുകാർ തന്നെ ആഗ്രഹിക്കുമോ? എത്രയോ ആളുകള്‍ക്ക് രോഗം വന്നു. എല്ലാവരും സിപിഎം സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണോ? മമ്മൂട്ടിക്ക് കോവിഡ് വന്നത് ഏത് സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണ്? പ്രതിപക്ഷ നേതാവ് വി ഡി സതീശന് വസ്തുതകള്‍ മനസിലാക്കി വേണം പ്രതികരിക്കാന്‍,” കോടിയേരി കൂട്ടിച്ചേര്‍ത്തു.
കാസര്‍ഗോഡിനു പുറമെ തൃശൂര്‍ ജില്ലാ സമ്മേനവും ഇന്നാരംഭിച്ചിട്ടുണ്ട്. ഇരു സമ്മേളനവും രണ്ടു ദിവസമാക്കി വെട്ടിച്ചുരുക്കാന്‍ സിപിഎം തീരുമാനിച്ചതിനു പിന്നാലെയാണു കോടതി ഉത്തരവ് വന്നിരിക്കുന്നത്.