കൊച്ചി: കോതമംഗലം ചെറിയപള്ളി ഏറ്റടുക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതില്‍ ഹൈക്കോടതിക്കു കടുത്ത അതൃപ്തി. ഉത്തരവ് നടപ്പാക്കിയേ തീരൂവെന്ന് കോടതി വ്യക്തമാക്കി. നേരിട്ട് ഹാജരാവുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന കലക്ടറുടെ ആവശ്യം കോടതി തള്ളി. രണ്ടാഴ്ചക്കകം ഉത്തരവ് നടപ്പാക്കിയില്ലങ്കില്‍ 23നു കലക്ടര്‍ നേരിട്ട് ഹാജരാവണമെന്ന് ജസ്റ്റിസ് പി.ബി സുരേഷ് കുമാര്‍ ഉത്തരവിട്ടു.
പള്ളി ഭരണത്തിന് സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് പക്ഷം ഹൈക്കോടതിയെ സമീപിച്ചിരുന്നു. പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് പക്ഷത്തിനു കൈമാറണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെത്തുടര്‍ന്ന് വികാരി തോമസ് പോള്‍ റമ്പാന് സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതിയുടെ നിര്‍ദേശം.
ഏറ്റെടുക്കലിനു കര്‍മപദ്ധതി തയാറാക്കിയിട്ടും നടപടി തുടങ്ങിവച്ചിട്ടുണ്ടെന്നും ഒരു മാസത്തെ സാവകാശം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പൗരത്വ ബില്ലിനെതിരായ സമരം, വൈപ്പിനിലെ ഐഒസി സമരം, ശബരിമല ഡ്യൂട്ടി എന്നിവ കാരണം ആവശ്യത്തിനു പൊലീസ് സേന ഇല്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.
സഭാതർക്കം നിലനിൽക്കുന്ന കോതമംഗലം പള്ളി ഏറ്റെടുക്കാൻ സർക്കാരിനോട് കഴിഞ്ഞ മാസം ഹൈക്കോടതി നിർദേശിച്ചിരുന്നു. പള്ളിയും സ്വത്തുക്കളും സർക്കാർ ഉടൻ ഏറ്റെടുക്കണമെന്നായിരുന്നു നിർദേശം.
നേരത്തെ പലതവണ ഓർത്തഡോക്സ് സഭാ അംഗങ്ങൾ പള്ളിയിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും യാക്കോബായ സഭാംഗങ്ങൾ തടയുകയായിരുന്നു. ഓർത്തഡോക്സ് സഭ അംഗങ്ങൾ പള്ളിയിൽ പ്രവേശിച്ചാൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് പൊലീസും നിലപാട് എടുത്തതോടെ സുപ്രീം കോടതി വിധി നടപ്പായില്ല. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണം എന്നാവശ്യപ്പെട്ട് തോമസ് പോൾ റമ്പാൻ ഹൈക്കോടതിയെ സമീപിച്ചത്.