കൊച്ചി: സിൽവർ ലൈൻ പദ്ധതിയിൽ കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി. കോടതിയെ ഇരുട്ടിൽ നിർത്തരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. പദ്ധതിയിൽ കേന്ദ്രം നിലപാട് അറിയിക്കണം. തിടുക്കം കാട്ടരുതെന്നു സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട കോടതി സർവേ തുടരാമെന്നും വ്യക്തമാക്കി.
സ്ഥലം ഏറ്റെടുക്കലും സർവ്വെയും ചോദ്യം ചെയ്തുള്ള ഭൂഉടമകളുടെ ഹർജിയാണ് കോടതി പരിഗണിച്ചത്.സർവേ ചട്ടപ്രകാരമേ കല്ലുകൾ സ്ഥാപിക്കാവൂയെന്നു കോടതി നിർദേശിച്ചു. പദ്ധതിയെക്കുറിച്ച് കേന്ദ്ര സർക്കാർ വ്യക്തമാക്കണം. എങ്കിലെ വിശ്വാസ്യത ഉണ്ടാവൂ. എല്ലാ കാര്യങ്ങളും സുതാര്യമാവണം. ഇരുട്ടിൽ നിർത്തി ഇത്രയും വലിയ പദ്ധതിയുമായി മുന്നോട്ട് പോകാനാവില്ല.
പല വീടുകളുടെയും മുൻപിൽ കുറ്റികൾ വച്ചിട്ടുണ്ട്. അത് നിയമ വിരുദ്ധമാണ്. വീട്ടിലേക്കുള്ള വഴി തടസപ്പെടുത്തി. നിയമ പ്രകാരം മാത്രമേ മുന്നോട്ട് പോകാനാവൂ. 2000 പോസ്റ്റുകൾ സ്ഥാപിച്ചതായി റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ അറിയിച്ചു.
ഒരുപക്ഷേ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഏറ്റവും വലിയ പദ്ധതിയാണിത്. ജനങ്ങളെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ഇത്രയും വലിയ പദ്ധതി നടപ്പാക്കരുത്. പദ്ധതി നടപ്പാക്കാനുള്ള സംസ്ഥാനത്തിന്റെ തിടുക്കം കൊണ്ടാണ് ഈ കേസുകളെല്ലാം ഫയല്‍ ചെയ്യുന്നത്. പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങളില്‍ നിയമം ലംഘിക്കാനാവില്ല.
നിയമ വിരുദ്ധമായാണ് കല്ലിട്ടിരിക്കുന്നത്. അത് മാറ്റാൻ എന്ത് നടപടി സ്വീകരിക്കുമെന്നും റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ വ്യക്തമാക്കണം. പോസ്റ്റുകൾ നിയമപരമായാണ് ഇടുന്നതെന്ന് സർക്കാർ അറിയിച്ചു.
സർവേ നടത്തുന്നതിൽ തെറ്റില്ലെന്നും ബാക്കി കാര്യങ്ങൾ കൂടി വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചു. കേന്ദ്ര സർക്കാരിനു വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറലിനോട് ഹാജരാവാൻ കോടതി നിർദേശിച്ചു.
Read More: സംസ്ഥാനത്ത് 76 പേർക്ക് കൂടി ഒമിക്രോൺ; പത്തനംതിട്ടയിലെ നഴ്സിങ് കോളേജിൽ ക്ലസ്റ്റർ