കൊച്ചി: സഭാതർക്കം നിലനിൽക്കുന്ന കോതമംഗലം പള്ളി ഏറ്റെടുക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം. പള്ളിയും സ്വത്തുക്കളും സർക്കാർ ഉടൻ ഏറ്റെടുക്കണം. പള്ളി ഭരണത്തിന് സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് പക്ഷ വികാരി തോമസ് പോൾ റമ്പാൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പള്ളി ഏറ്റെടുത്ത ശേഷം കോതമംഗലത്ത് ക്രമസമാധാനം സർക്കാർ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
Also Read: വാഹനം തടഞ്ഞുളള പരിശോധന ഒഴിവാക്കണം; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം
സ്ഥിതി ശാന്തമായ ശേഷം ആരാധനയ്ക്ക് നിയമാനുസൃത വികാരിക്ക് പള്ളി കൈമാറണമെന്നും ആരാധനയ്ക്ക് തടസം ഇല്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്നും ജസ്റ്റിസ് പി.ബി.സുരേഷ് കുമാർ ഉത്തരവിട്ടു. കോലഞ്ചേരി പള്ളിക്കേസിൽ തർക്കമുള്ള പള്ളികൾ 1934 ലെ ഭരണ ഘടന പ്രകാരം ഭരിക്കപ്പടണമെന്നും പള്ളികളിൽ സമാന്തര ഭരണം പാടില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ഓർത്തഡോക്സ് പക്ഷം കോടതിയെ സമീപിച്ചത്.
Also Read: ആലപ്പുഴ കലക്ടറെ മാറ്റിയതിൽ ദുരൂഹത; സർക്കാരിനെതിരെ ഓർത്തഡോക്സ് സഭ
നേരത്തെ പലതവണ ഓർത്തഡോക്സ് സഭാ അംഗങ്ങൾ പള്ളിയിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും യാക്കോബായ സഭാംഗങ്ങൾ തടയുകയായിരുന്നു. ഓർത്തഡോക്സ് സഭ അംഗങ്ങൾ പള്ളിയിൽ പ്രവേശിച്ചാൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് പൊലീസും നിലപാട് എടുത്തതോടെ സുപ്രീം കോടതി വിധി നടപ്പായില്ല. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണം എന്നാവശ്യപ്പെട്ട് തോമസ് പോൾ റമ്പാൻ ഹൈക്കോടതിയെ സമീപിച്ചത്.
നിയമവാഴ്ച അവസാനിക്കുന്നിടത്ത് അരാജകത്വം ആരംഭിക്കുമെന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. നിസഹായാവസ്ഥ പറഞ്ഞ് കോടതി ഉത്തരവ് നടപ്പാക്കാതെ വിലപേശാൻ സർക്കാരിനാവില്ല. ഭരണഘടന വിഭാവനം ചെയ്യുന്നത് നിയമവാഴ്ചയാണ്. നിയമവാഴ്ച ഉറപ്പാക്കാൻ സർക്കാരിന് ബാധ്യത ഉണ്ടെന്നും കോടതി ഉത്തരവിൽ പറയുന്നു.
ഹൈക്കോടതിയുടേതടക്കം നാല് പൊലീസ് സംരക്ഷണ ഉത്തരവുകൾ യാക്കോബായ പക്ഷത്തിന്റെ എതിർപ്പിനെ
തുടർന്ന് നടപ്പാക്കാൻ കഴിയാതെ വന്ന സാഹചര്യത്തിലാണ് പള്ളി ഏറ്റെടുക്കാൻ കലക്ടർക്ക് കോടതി നിർദേശം നൽകിയത്.