കൊച്ചി: ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളില്‍ ഭീതി സൃഷ്ടിക്കുന്ന അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേയ്ക്ക് മാറ്റാന്‍ വിദഗ്ധ സമിതിയുടെ ശുപാര്‍ശ. വിദഗ്ധ സമിതി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിപ്പിച്ചു. പറമ്പിക്കുളത്ത് അരിക്കൊമ്പന് കഴിയാനുള്ള ആവാസ വ്യവസ്ഥയാണുള്ളത്. വെള്ളവും ഭക്ഷണവും പറമ്പിക്കുളത്ത് സുലഭമാണെന്നും അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അരിക്കൊമ്പനെ പിടികൂടുന്നതും മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റുന്നതും അടക്കമുള്ള വിഷയങ്ങള്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തീരുമാനിക്കട്ടെയെന്നും കോടതി നിര്‍ദേശിച്ചു. അരിക്കൊമ്പന്‍ മാത്രമല്ല ഭീഷണി. നിലവില്‍ നിരവധി കാട്ടാനകള്‍ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ വിഷയത്തില്‍ സമഗ്രമായ ചിത്രം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.
മദപ്പാടിലായ അരിക്കൊമ്പനെ വനമേഖലയിലേക്ക് കൊണ്ടുപോകുമ്പോൾ വേണ്ട എല്ലാ സുരക്ഷാ മുൻകരുതലും സർക്കാർ സ്വീകരിക്കണം. ആനയെ പിടികൂടിയതിനുശേഷമുള്ള ആഘോഷം കോടതി നിരോധിച്ചു. പടക്കംപൊട്ടിച്ചും സെൽഫിയെടുത്തുമുളള ആഘോഷം വേണ്ടെന്നും നിർദേശമുണ്ട്.
ആനയെ പിടികൂടി കൂട്ടിലടയ്ക്കാനുളള നീക്കത്തിനെതിരെ ചില സംഘടനകള്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് വിഷയത്തില്‍ കോടതിയിടപെട്ടത്. അരിക്കൊമ്പനെ മാറ്റിയാല്‍ പ്രശ്‌നം തീരുമോയെന്നാണ് കോടതി ചോദിച്ചത്. പ്രശ്‌നത്തിന് ശാശ്വത പരിഹാരമാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കിയിരുന്നു. അരിക്കൊമ്പനെ പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് ഉള്‍ക്കാട്ടില്‍ വിടണം ആനയെ നിരീക്ഷിക്കാനും കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് വിഷയം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അഞ്ചംഗ വിദഗ്ധ സമിയിയെയും കോടതി നിയോഗിക്കുകയായിരുന്നു. അരിക്കൊമ്പനെ പിടികൂടി മാറ്റിപ്പാര്‍പ്പിക്കല്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് വന്നതിന് ശേഷമാകും അന്തിമ തീരുമാനം. പ്രശ്‌നത്തിന് ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് വ്യക്തമാക്കിയായിരുന്നു കോടതി നടപടി.
വിദഗ്ധ സമിതിയില്‍ മുഖ്യവനപാലകന്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍,രണ്ട് വിദഗ്ധര്‍,അമിക്കസ് ക്യൂറി എന്നിവരാണുള്ളത്. ഇന്നലെ മണിക്കൂറുകള്‍ യോഗം ചേര്‍ന്ന ശേഷമാണ് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വിദഗ്ധ സമിതി നിര്‍ദേശം പരിശോധിച്ച ശേഷമായിരിക്കും മിഷന്‍ നടപ്പാക്കണമോ വേണ്ടയോ എന്നുള്ള കോടതിയുടെ തീരുമാനം. അതിനിടെ മിഷന്‍ താല്‍ക്കാലികമായി തടഞ്ഞ ഹൈക്കോടതി നടപടിയില്‍ പ്രതിഷേധിച്ച് വിവിധ കര്‍ഷക സംഘടനകളുടെ കൂട്ടായ്മകള്‍ കോടതിയിലേക്ക് മാര്‍ച്ച് നടത്തും. അരിക്കൊമ്പനുമായി ബന്ധപ്പെട്ട കേസ് മറ്റൊരു ബെഞ്ച് പരിഗണിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനാ പ്രതിനിധികള്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസിനെ കാണും.