കൊച്ചി: പൊലീസ് ഡാറ്റ കൈകാര്യത്തിനുള്ള സോഫ്റ്റ്‌വെയർ വികസനവുമായി ഊരാളുങ്കൽ കോൺട്രാക്ടിങ് സൊസൈറ്റിക്ക് മുന്നോട്ട് പോകാം. പൗരന്റെ പാസ്‌പോർട് രഹസ്യവിവരങ്ങൾ സിപിഎം നിയന്ത്രണത്തിലുള്ള വടകരയിലെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് കൈമാറില്ലന്ന പൊലീസ് മേധാവിയുടെ ഭേദഗതി ഉത്തരവ് കോടതി രേഖപ്പെടുത്തി. ഇതോടെ തുടർനപടികൾ പാടില്ലെന്ന മുൻ ഉത്തരവ് ഇല്ലാതായി.

സോഫ്റ്റ്‌വെയർ വികസനത്തിന് മാത്രമാണ് ഊരാളുങ്കലിന് കരാർ നൽകിയിട്ടുള്ളതെന്നും ഇക്കാര്യത്തിൽ പൊലിസ് മേധാവി മുൻപ് പുറപ്പെടുവിച്ച ഉത്തരവിലെ അക്ഷര പിശക് മൂലമാണ് ആശയക്കുഴപ്പം ഉണ്ടായതെന്നും ഉത്തരവ് പുതുക്കി ഇറക്കിയെന്നും സർക്കാർ കോടതിയെ അറിയിക്കുകയായിരുന്നു. നിലവിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിന് ന്യൂനതകൾ ഉണ്ടെന്നും അതിനാലാണ് പുതിയത് വികസിപ്പിക്കുന്നതെന്നും സർക്കാർ സത്യവാങ്മൂലത്തിൽ അറിയിച്ചു.

Read Also: നടിയെ ആക്രമിച്ച കേസ്: ഇര തനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് ദിലീപ് കോടതിയിൽ

സോഫ്റ്റ്‌വെയർ വികസനത്തിന് പ്രാരംഭ പ്രവർത്തനങ്ങൾക്കായി 35 ലക്ഷം അനുവദിച്ച ഡിജിപിയുടെ ഉത്തരവും ജസ്റ്റിസ് പി.ബി.സുരേഷ് കുമാർ തടഞ്ഞു. പാസ്‌പോർട്ടുമായി ബന്ധപ്പെട്ട ക്രൈം രേഖകൾ കൈകാര്യം ചെയ്യുന്നതിനാണ് ഊരാളുങ്കൽ സൊസൈറ്റിക്ക് സർക്കാർ അനുമതി നൽകിയത് .

ഹൈക്കോടതി ആവശ്യപ്പെട്ടിട്ട് പോലും നൽകാൻ ആകില്ലെന്നു നിലപാട് എടുത്ത CCTNS ൽ (Crime and Criminal Tracking Network and Systems) എങ്ങനെയാണ് ഒരു സ്വകാര്യ സ്ഥാപനത്തിന് കൊടുക്കാൻ കഴിയുക എന്നു കോടതി ആരാഞ്ഞു. തുടർന്നാണ് കോടതി സർക്കാർ ഉത്തരവുകൾ മരവിപ്പിച്ചത്. പൊലീസിന്റെ പക്കലുള്ള രഹസ്യവിവരങ്ങൾ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിന് കൈമാറുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

പൊതുപ്രവർത്തകനായ ജ്യോതികുമാർ ചാമക്കാല സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് പി.ബി.സുരേഷ് കുമാർ പരിഗണിച്ചത്. എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതിവസർക്കാരിന് നിർദേശം നൽകി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.