കൊച്ചി: തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റിങ് നിർത്തിവയ്‌ക്കാൻ സർക്കാർ ബോധപൂർവം നടപടി സ്വീകരിച്ചിട്ടില്ലെന്ന് ഹൈക്കോടതി. ഓഡിറ്റിങ് നിർത്തിവയ്ക്കാനുള്ള നിർദേശം തെറ്റാണെന്ന് പറയാനാവില്ലെന്നും ഇക്കാര്യം സർക്കാരിന്റെ സത്യവാങ്‌മൂലം പരിശോധിച്ചതിൽ നിന്ന് ബോധ്യപ്പെട്ടതായും കോടതി വ്യക്തമാക്കി.

ഓഡിറ്റിങ് നിർത്തിവയ്ക്കാൻ ഉത്തരവിറക്കിയത് അഴിമതി മറച്ചുവയ്‌ക്കാനാണെന്നും ഉത്തരവു റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തീർപ്പാക്കി.

Read Also: ആഭ്യന്തര മന്ത്രിയായിരിക്കെ വിളിച്ചു, ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചു; ചെന്നിത്തലയ്‌ക്കെതിരെ ബിജു രമേശ്

പ്രതിപക്ഷ നേതാവ് കാര്യങ്ങൾ മസിലാക്കാൻ ശ്രമിക്കാതെയും വസ്തുതകൾ അന്വേഷിക്കാതെയും കോടതിയെ സമീപിച്ചുവെന്നായിരന്നു സർക്കാർ നിലപാട്. തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള കേന്ദ്ര സഹായം ലഭിക്കുന്നതിന് ഇരുപത് ശതമാനം തദ്ദേശ സ്ഥാപനങ്ങളുടെ ഓഡിറ്റ് വിവരങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ഇതിനായി സംസ്ഥാനത്തിന്റെ സോഫ്‌റ്റ്‌വെയർ നവീകരിക്കുന്നതിന്റെ ഭാഗമായാണ് ഓഡിറ്റിങ് നിർത്തിവച്ചതെന്നും സർക്കാർ വിശദീകരിച്ചു.

2019 -20 ലെ ഓഡിറ്റിങ് ആരംഭിച്ചതായും 2018-19 ലെ ഓഡിറ്റിങ് പതിനാല് ജില്ലാ പഞ്ചായത്തുകളിലും മൂന്നൊഴികെയുള്ള മുൻസിപ്പാലിറ്റികളിലും കണ്ണൂർ ഒഴികെയുള്ള കോർപ്പറേഷനുകളിലും പുർത്തിയായി. ബ്ലോക്ക് – ഗ്രാമപഞ്ചായത്തുകളിലെ ഓഡിറ്റിങ് കോവിഡ് സാഹചര്യങ്ങളിൽ വൈകിയെങ്കിലും നവംബർ അവസാനം പൂർത്തിയാകുമെന്നും സർക്കാർ വ്യക്തമാക്കി.

യുഡിഎഫ് നിയന്ത്രണത്തിലുള്ള തദ്ദേശഭരണ സ്ഥാപനങ്ങളിലും ഓഡിറ്റ് സംബന്ധിച്ച് എന്താണ് നടക്കുന്നതെന്ന് അന്വേഷിക്കാതെ രാഷ്ട്രീയ നിറം നോക്കിയാണ് പ്രതിപക്ഷ നേതാവിന്റെ ഹർജിയെന്നും സർക്കാർ ആരോപിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.