കൊച്ചി: ഹർത്താലിനെതിരെ സർക്കാർ നടപടി സ്വീകരിച്ചേ മതിയാകൂവെന്ന് ഹൈക്കോടതി. ഹർത്താൽ ഗുരുതരമായ ക്രമസമാധാന പ്രശ്നമാണ് സൃഷ്ടിക്കുന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇതിനെതിരെ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് അവശ്യപ്പെട്ടിരിക്കുന്നത്. ഹർത്താലിനെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വാക്കാലുള്ള പരാമർശം.

ഹർത്താലിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ഉച്ചയ്ക്ക് 1.45ന് കോടതിക്ക് വിശദീകരണം നൽകണമെന്ന് സർക്കാരിന് നിർദേശം നൽകി. ഹർത്താലിനെതിരായ ജനവികാരം കാണുന്നില്ലേയെന്ന് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ചോദിച്ചു. നാളെ നടക്കുന്ന ദേശീയ പണിമുടക്കിൽ തുറക്കുന്ന കടകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും സംരക്ഷണം നൽകുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

അക്രമങ്ങൾ ഗൗരവകരമായ വിഷയമാണെന്നും കോടതി വ്യക്തമാക്കി. ഹർത്താൽ പ്രഖ്യാപിക്കുന്നതിന് മുമ്പ് 7 ദിവസത്തെ നോട്ടീസ് നൽകുന്നതിനെക്കുറിച്ച് നിയമം കൊണ്ടുവരുന്നത് ആലോചിക്കാൻ കോടതി സർക്കാരിന് നിർദേശം നൽകി. സുപ്രീം കോടതി വരെ ഇടപെട്ടിട്ടും പ്രശ്നത്തിൽ പരിഹാരമുണ്ടാക്കാൻ സാധിച്ചിട്ടില്ല. ഒരു വർഷം 97 ഹർത്താലുകൾ നടന്നു എന്നത് പ്രയാസമാണെന്നും, ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. ഹർത്താൽ ഇന്നൊരു തമാശയായി മാറിയിരിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹർത്താൽ ഇന്നൊരു തമാശയായി മാറിയിരിക്കുകയാണെന്നും, ഹർത്താലുകൾ ഓഫീസുകളുടെയും സ്‌കൂളുകളുടെയും പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയാണെന്നും കോടതി വ്യക്തമാക്കി. ഹർത്താലിന്റെ മറവിൽ നടക്കുന്ന അക്രമങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.