കൊച്ചി: ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റ്  നിർബന്ധമാക്കിയതിൽ ഇളവ് നൽകാൻ സംസ്ഥാന സർക്കാറിന് അധികാരമില്ലെന്ന് ഹൈക്കോടതി. കേന്ദ്ര മോട്ടോർ വാഹന നിയമത്തിനു വിരുദ്ധമായി പിൻസീറ്റ് യാത്രക്കാർക്ക് ഭേദഗതിയിലൂടെ ഇളവ് നൽകാൻ സംസ്ഥാനത്തിന് അധികാരമില്ലെന്നും കേന്ദ്രനിയമം നടപ്പാക്കാൻ സംസ്ഥാനത്തിന് ബാധ്യതയുണ്ടെന്നും ഡിവിഷൻ  ബഞ്ച് വ്യക്തമാക്കി.

Also Read: ഫാത്തിമ ലത്തീഫിന്റെ മരണം: അന്വേഷണസംഘം കേരളത്തിലേക്ക്

പിൻസീറ്റ് യാത്രക്കാർക്ക് ഇളവ് അനുവദിച്ച സർക്കാരിന്റെ ഉത്തരവ് സിംഗിൾ ബഞ്ച് സ്റ്റേ ചെയ്ത സാഹചര്യത്തിൽ കേന്ദ്ര നിയമം സംസ്ഥാന സർക്കാർ നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. സിംഗിൾ ബഞ്ച് ഹെൽമറ്റ് നിർബന്ധമാക്കിയതിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലാണ് ഡിവിഷൻ ബഞ്ച് പരിഗണിച്ചത്.

Also Read: ശബരിമല ദർശനത്തിന് യുവതികൾ; ആന്ധ്രയിൽ നിന്നെത്തിയ പത്തംഗ സംഘത്തെ തിരിച്ചയച്ചു

ചൊവ്വാഴ്ചക്കകം നിയമം നടപ്പാക്കുന്നിൽ സർക്കാർ തീരുമാനം അറിയിച്ചില്ലങ്കിൽ നിയമാനുസൃത ഉത്തരവ് പുറപ്പെടുവിക്കേണ്ടി വരുമെന്നു കോടതി മുന്നറിയിപ്പ് നൽകി.

2019 ഓഗസ്റ്റ് 9 നാണ് പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കി കേന്ദ്രം നിയമം ഭേദഗതി ചെയ്തത്. ഭേദഗതി പ്രകാരം നാലു വയസിനു മുകളിലുള്ളവർക്ക് ഹെൽമറ്റിന് ഇളവില്ല. സിഖുകാർക്കു മാത്രമാണ് ഇളവുള്ളത്.

Also Read: തരംതാഴ്ത്തിയ ഡിവൈഎസ്പിമാരെ അതേ ചുമതലയിൽ നിയമിക്കാൻ ഉത്തരവ്

കേന്ദ്ര മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്താണ് കേരളം പിൻസീറ്റ് യാത്രക്കാർക്ക് ഇളവ് അനുവദിച്ചത്. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ പുതിയ ഭേദഗതിയും സംസ്ഥാന സർക്കാരിന്റെ ഭേദഗതി ഉത്തരവും തമ്മിൽ സഹജമായ പൊരുത്തക്കേടുണ്ടന്ന് കോടതി ചൂണ്ടിക്കാട്ടി.

പിൻസീറ്റ് യാത്രികർക്ക് ഹെൽമറ്റ് ഇളവ് ചെയ്ത സർക്കാർ ഉത്തരവിനെതിരേ കൊച്ചി പള്ളുരുത്തി സ്വദേശി ടി.യു രവീന്ദ്രൻ 2015ൽ അഡ്വക്കറ്റ് ജോസഫ് റോണി ജോസ് മുഖേന സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ബി.ചിദംബരേഷ് ഹെൽമറ്റ് നിർബന്ധമാക്കിയത് . ഈ ഉത്തരവിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.