ലക്ഷ്യം വോട്ട് ബാങ്കോ? സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിനെതിരെ ഹൈക്കോടതി

കേരളത്തിൽ നാലരവർഷം കൂടുമ്പോൾ സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുന്നു; രൂക്ഷവിമർശനവുമായി കോടതി

കൊച്ചി: സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിനെതിരെ ഹൈക്കോടതി. വോട്ട് ബാങ്ക് ലക്ഷ്യംവച്ചാണ് സർക്കാർ നീക്കമെന്ന് കോടതി പരാമർശിച്ചു.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ സാധാരണക്കാരെ പിഴിഞ്ഞ് സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും കൂട്ടാനുള്ള നീക്കത്തെ കോടതി രൂക്ഷമായി വിമർശിച്ചു. ഇക്കാര്യത്തിൽ സംഘടനകളും സർക്കാരും സത്യം ബോധ്യപ്പെടുത്തുന്നതിനു പകരം ഒരു വിഭാഗം വോട്ടുബാങ്കിനെ ഭയക്കുകയാണെന്നും ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് രൂക്ഷമായി വിമർശിച്ചു.

കോടതിയുടെ ഈ നിലപാട് അഡ്വക്കറ്റ് ജനറലിനെ അറിയിക്കാനും കോടതി ഈ വിഷയത്തിൽ ഇടപെടുകയാണെന്നും ജഡ്‌ജി വ്യക്തമാക്കി.

Read Also: കോവിഡ് വ്യാപിക്കുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വൃത്തികെട്ട രാഷ്‌ട്രീയം കളിക്കുന്നു; രാഹുൽ ഗാന്ധി

നിലം നികത്തലുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴാണ് ശമ്പള പരിഷ്ക്കരണത്തിനെതിരെ കോടതി തിരിഞ്ഞത്. നെൽവയൽ നികത്തൽ നിയമപ്രകാരം ന്യായവില അടച്ചാൽ നികത്തുഭൂമി തരം മാറ്റാൻ സർക്കാർ നിയമം കൊണ്ടു വന്നിരുന്നു.

ന്യായവിലയുടെ 20 ശതമാനം അടച്ച് ഭൂമി തരം മാറ്റി നൽകാനായിരുന്നു സർക്കാർ ഉത്തരവ്. പെരുമ്പാവൂർ സ്വദേശിനി ബിജി വർഗീസിന്റെ ഭൂമി തരംമാറ്റി നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, സമീപത്തെ ഉയർന്ന വിലയുള്ള ഭൂമിയുടെ നിരക്കിന്റെ 20 ശതമാനം ഈടാക്കാൻ ആർഡിഒ ഉത്തരവിട്ടു. ഇതിനെതിരായ കോടതിയലക്ഷ്യ ഹർജിയാണ് കോടതിയിലെത്തിയത്. ഇതിനിടെ 2020 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യം നൽകി സർക്കാർ നിയമ ഭേദഗതിയും കൊണ്ടുവന്നു.

സർക്കാർ മുൻകാല പ്രാബല്യത്തോടെ നിയമങ്ങൾ ഇറക്കി സാധാരണക്കാരെ പിഴിയുകയാണെന്ന് കോടതി നിരീക്ഷിച്ചു. മോട്ടോർ വാഹന നിയമത്തിലെ ചെറിയ കുറ്റങ്ങൾക്ക് പോലും കർശനമായി പിഴ പിരിച്ച് വരുമാനം കൂട്ടി സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും പരിഷ്ക്കരിക്കാനാണ് സർക്കാർ നീക്കം.

തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളിൽ ഏഴു എട്ടും വർഷം കൂടുമ്പോഴാണ് ശമ്പള പരിഷ്ക്കരണം. കേരളത്തിൽ നാലരവർഷം കൂടുമ്പോൾ കൃത്യമായി നടക്കും. ഇതിന് ധനസ്ഥിതി മെച്ചപ്പെടുത്താനാണ് സാധാരണക്കാരെ പിഴിയുന്നത്. രാഷ്‌ട്രീയ പാർട്ടികളും സംഘടനകളും ഈ നീക്കത്തെ ചോദ്യം ചെയ്യാൻ തയ്യാറാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ആരും യാഥാർത്ഥ്യം തുറന്നു പറയാൻ തയാറാകുന്നില്ല. കോടതിയെങ്കിലും ഇക്കാര്യത്തിൽ ഇടപെട്ടേ പറ്റൂ. കോവിഡ്  മൂലം സാധാരണക്കാർ സാമ്പത്തിക പ്രതിസന്ധിയിലാണ്. അടുത്ത ദിവസം കേസ് പരിഗണിക്കുമ്പോൾ ഇടപെടുമെന്നും കോടതി അറിയിച്ചു. ഇക്കാര്യം അഡ്വക്കറ്റ് ജനറലിനെ അറിയിക്കാൻ സീനിയർ ഗവൺമെന്റ് പ്ലീഡറെ കോടതി ചുമതലപ്പെടുത്തി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: High court against government employees salary reform kerala

Next Story
റോസ്‌കോട്ട് കൃഷ്ണപിള്ള അന്തരിച്ചുRosscott Krishna Pillai, റോസ്‌കോട്ട് കൃഷ്ണപിള്ള, Malayalam Writer, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com