ന്യൂഡൽഹി: കെ.പി.സി.സി പുന:സംഘടന സംബന്ധിച്ച് എ, ഐ ഗ്രൂപ്പുകൾ തമ്മിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കിൽ ഭാരവാഹി പട്ടിക അംഗീകരിക്കില്ലെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് ഹൈക്കമാൻഡിന്റെ മുന്നറിയിപ്പ്. കടുംപിടുത്തം തുടർന്നാൽ കേരളത്തെ ഒഴിവാക്കി എ.ഐ.സി.സി ചേരുമെന്നും മുതിർന്ന നേതാവും എം.പിയുമായ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇക്കാര്യങ്ങൾ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസനെ അറിയിച്ചുവെന്ന് മുല്ലപ്പള്ളി പറഞ്ഞു.
282 പേരടങ്ങുന്ന കെപിസിസി അംഗങ്ങളുടെ പട്ടികക്കെതിരെ എംപിമാരും യുവജന-മഹിളാ നേതാക്കളും നല്‍കിയ പരാതികള്‍ പരിഹരിക്കാന്‍ നിരവധി ചര്‍ച്ചകള്‍ നേരത്തെ നടന്നിരുന്നു. ഇതിലൊന്നും സമവായമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. സംവരണ തത്വങ്ങൾ പാലിക്കാത്ത പട്ടിക അതേപടി അംഗീകരിക്കില്ലെന്ന സൂചന കഴിഞ്ഞ ദിവസം തന്നെ ഹൈക്കമാൻഡ് നൽകിയിരുന്നു.
പാർട്ടി ഭരണഘടന 33% സംവരണം നിർദേശിക്കുന്നെങ്കിലും കെപിസിസി പട്ടികയിൽ 5% മാത്രമാണു വനിതാ പ്രാതിനിധ്യം. പാർലമെന്റിൽ 33% വനിതകൾ വേണമെന്നാണു പാർട്ടി നിലപാട്. പട്ടികയിൽ പട്ടികജാതി, വർഗ, യുവജന പ്രാതിനിധ്യവും കുറവാണ്. എംപിമാരുടെയും മുതിർന്ന നേതാക്കളുടെയും അതൃപ്തി പുറമേ. പ്രവർത്തകസമിതിയംഗം എ.കെ.ആന്റണി, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ പ്രശ്നപരിഹാരത്തിനു പലവട്ടം ചർച്ചകൾ നടത്തിയിരുന്നു.
എ,ഐ ഗ്രൂപ്പുകള്‍ നിലപാടില്‍ അയവ് വരുത്താന്‍ തയ്യാറാകാത്തതാണ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്തതിന്റെ കാരണമെന്ന് കേന്ദ്ര തെരഞ്ഞെുപ്പ് സമിതിയും,ഹൈക്കമാന്റും വിലയിരുത്തുന്നു. ഇതിനിടെ അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്റാണെന്ന് കെപിസിസി പ്രസിഡണ്ട് എംഎം ഹസ്സന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെ തള്ളിയാണ് ഹൈക്കമാന്റ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇപ്പോഴത്തെ പട്ടിക അതേപടി അംഗീകരിക്കാനാകില്ല. പട്ടികയെക്കുറിച്ചുള്ള പരാതികള്‍ സംസ്ഥാന ഘടകം ചര്‍ച്ചകളിലൂടെ പരിഹരിക്കണം. പരിഹാരം കണ്ടത്തേണ്ടത് ഹൈക്കമാന്റിന്റെ ചുമതലയാണെന്ന നിലപാട് അംഗീകരിക്കാനാകില്ല.
സംഘടന തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം പൂര്‍ത്തീകരിക്കുന്നതിന്റെ തിയ്യതികള്‍ നിശ്ചയിക്കാന്‍ ചൊവ്വാഴ്ച എ.ഐ.സി.സി പ്രവര്‍ത്തക സമിതി യോഗം ചേരാനിരിക്കുകയാണ്. നവംബര്‍ ആദ്യവാരം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്ന രീതിയിലാണ് നടപടികള്‍ മുന്നോട്ട് പോകുന്നത്. ഇതിന് മുന്പ് കേരളത്തിന്റെ പട്ടികക്ക് അംഗീകരം ലഭിക്കണമെങ്കില്‍ സംസ്ഥാന നേതാക്കള്‍ തന്നെ മനസ്സ് വെക്കണമെന്ന സന്ദേശമാണ് ഹൈക്കമാന്റ് നല്‍കുന്നത്.