കണ്ണൂർ: കോവിഡ് ബാധിച്ച് എക്‌സൈസ് ഡ്രൈവർ മരിച്ചതിനു പിന്നാലെ കണ്ണൂർ ജില്ലയിൽ അതീവ ജാഗ്രതാ മുന്നറിയിപ്പ്. എക്‌സൈസ് ഡ്രൈവർക്ക് 28 വയസ് മാത്രമായിരുന്നു പ്രായം. അദ്ദേഹത്തിനു മറ്റ് രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത് ആർക്കും എപ്പോൾ വേണമെങ്കിലും കോവിഡ് വരാം. എപ്പോൾ, ആർക്ക് രോഗം ബാധിക്കും എന്നൊന്നും പറയാൻ പറ്റില്ല. വളരെ ശ്രദ്ധിക്കേണ്ട സമയമാണ്. ജാഗ്രത തുടരണമെന്നും കണ്ണൂർ ഡിഎംഒ നാരായണ നായിക് പറഞ്ഞു. എന്നാൽ, ജില്ലയിൽ ഇതുവരെ സാമൂഹ്യവ്യാപനമില്ലെന്നും ഡിഎംഒ കൂട്ടിച്ചേർത്തു.

Read Also: ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുമ്പോള്‍ അന്തരീക്ഷത്തില്‍ കോവിഡ് പടരാന്‍ സാധ്യത: റിപ്പോര്‍ട്ട്‌

ഇന്നു രാവിലെയാണ് കോവിഡ് ബാധിച്ച് കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന എക്‌സൈസ് ഡ്രൈവർ മരിച്ചത്. ബ്ലാത്തൂർ സ്വദേശിയായ ഇരുപത്തിയെട്ടുകാരനാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 21 ആയി. എക്‌സൈസ് ഡ്രൈവറുടെ രോഗ ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇയാൾക്ക് മറ്റ് രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. സമ്പർക്കപ്പട്ടികയിൽ 25 ബന്ധുക്കളും 18 സഹപ്രവര്‍ത്തകരുമുണ്ട്. ഇദ്ദേഹം ഈ മാസം 12 വരെ മട്ടന്നൂർ എക്‌സൈസ് ഓഫീസിൽ ജോലി ചെയ്‌തിരുന്നു. സമ്പർക്കപ്പട്ടിക ഇനിയും നീളാനാണ് സാധ്യത. ഇദ്ദേഹം നിരവധി പേരുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടെന്നാണ് സൂചന.

12 നു വൈകീട്ട് പനിയും ശ്വാസതടസവുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ന്യൂമോണിയ ബാധിച്ച് ഇവിടെനിന്ന് 14ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. അന്നു മുതൽ വെന്റിലേറ്ററിലായിരുന്നു. ന്യൂമോണിയ ഇരുശ്വാസകോശങ്ങളുടെയും പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിച്ചു.

അതേസമയം, സംസ്ഥാനത്ത് ഉറവിടം കണ്ടെത്താൻ സാധിക്കാത്ത കോവിഡ് പോസിറ്റീവ് കേസുകൾ വർധിക്കുന്നത് ആശങ്ക പരത്തുന്നു. ഇത്തരത്തിൽ 60 കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതേക്കുറിച്ച് പഠനം നടത്താൻ മുഖ്യമന്ത്രി ആരോഗ്യവകുപ്പിനു നിർദേശം നൽകി. രോഗവ്യാപനം സംബന്ധിച്ച് പഠനം നടത്താൻ ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർമാരെയാണ് മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിരിക്കുന്നത്.

Read Also: രാജ്യത്ത് ഒറ്റദിവസം 12,881 പേർക്ക് കോവിഡ്; ആകെ രോഗബാധിതർ 366,946

സർക്കാർ കണക്കുപ്രകാരം മാർച്ച് 23 മുതൽ ജൂൺ ആറ് വരെയുള്ള കോവിഡ് ബാധിതരിൽ 60 പേരുടെയാണ് രോഗഉറവിടം കണ്ടെത്താൻ സാധിക്കാത്തത്. മേയ് നാലുമുതൽ ജൂൺ ആറുവരെയുള്ള ദിവസങ്ങളിലാണ് ഇതിൽ 49 കേസും. കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശൂർ, കൊല്ലം, തിരുവനന്തപുരം എന്നീ ആറ് ജില്ലകളിലാണ് ഉറവിടമറിയാത്ത രോഗബാധിതർ കൂടുതൽ. ഈ ആറ് ജില്ലകളിലും അതീവ ജാഗ്രത പാലിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.