ആഴക്കടല്‍ മത്സ്യബന്ധന വിഷയത്തിൽ പാർലമെന്റിൽ അടിയന്തര പ്രമേയത്തിന് ഹൈബി ഈഡൻ എംപി നോട്ടീസ് നൽകി. കരാർസംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ഹൈബി ആവശ്യപ്പെട്ടു. കെഎസ്ഐഎൻസി, കെഎസ്ഐഡിസി എന്നിവ വൻകിട അമേരിക്കൻ കമ്പനിയായ എംസിസി ഇന്റർനാഷണലുമായി രണ്ട് ധാരണാ പത്രങ്ങൾ ഒപ്പുവച്ച് മത്സ്യ ബന്ധന മേഖലയിൽ വൻകിട അഴിമതിക്ക് ശ്രമിക്കുകയാണ് കേരള സർക്കാരെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ടുള്ള നോട്ടീസിൽ പറയുന്നു.
പ്രാദേശിക, വിദേശ ട്രോളറുകളിൽ നിന്ന് ആഴക്കടൽ മത്സ്യബന്ധനത്തെ സംരക്ഷിക്കുന്നതും മത്സ്യബന്ധനത്തിന് ശാസ്ത്രീയ രീതികൾ മെച്ചപ്പെടുത്തുന്നതുമായ മത്സ്യബന്ധന നയത്തിന് വിരുദ്ധമാണ് ധാരണാപത്രങ്ങളെന്നും നോട്ടീസിൽ പറയുന്നു.
“പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഇപ്പോൾ ജീവിതത്തിൽ നിന്ന് രക്ഷപ്പെടാൻ പാടുപെടുകയാണ്, എല്ലായ്പ്പോഴും പാവപ്പെട്ടവർക്കൊപ്പമെന്ന് അവകാശപ്പെടുന്ന എൽഡിഎഫ് സർക്കാർ കോർപ്പറേറ്റുകൾക്കൊപ്പം നിൽക്കുകയും അവർക്ക് മത്സ്യബന്ധന മേഖലയിലേക്ക് പ്രവേശിക്കാൻ വഴിയൊരുക്കുകയും ചെയ്യുന്നു. നമ്മുടെ സമുദ്രവിഭവങ്ങൾ ഇതിനകം വളരെയധികം കുറയുന്നതും മത്സ്യ സമ്പത്ത് കുറയുന്നതും ആശങ്ക ഉയർത്തുന്നു. കേന്ദ്രസർക്കാരിന്റെ ശരിയായ ഉപദേശമോ സമ്മതമോ ഇല്ലാതെ മത്സ്യബന്ധനരംഗത്ത് ഒരു വിദേശ സ്ഥാപനവുമായി കരാർ ഒപ്പിടാൻ സംസ്ഥാന അധികാരികൾ എടുത്ത തീരുമാനം ഗൗരവമായി എടുക്കേണ്ടതാണ്. ത്സ്യത്തൊഴിലാളി സമൂഹത്തെ കോർപ്പറേറ്റുകളുടെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുന്നതിന് അനിവാര്യമായ നടപടികൾ സ്വീകരിക്കണം,” നോട്ടീസിൽ പറയുന്നു.
Read More: ആഴക്കടൽ മത്സ്യബന്ധനം: ഇഎംസിസിയുമായുള്ള ധാരണപത്രം സർക്കാർ റദ്ദാക്കി
ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവാദ ധാരണപത്രം സംസ്ഥാന സർക്കാർ നേരത്തെ റദ്ദാക്കിയിരുന്നു. കമ്പനിയുമായി കെഎസ്ഐഡിസിയും കേരളഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനും ഒപ്പുവച്ച ധാരണാപത്രങ്ങളും ഭക്ഷ്യസംസ്കരണ പാര്ക്കിന് സ്ഥലം അനുവദിച്ചതുമുമാണ് റദ്ദാക്കിയത്. അഴിമതി നടന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ തുടർന്നാണ് ധാരണപത്രം റദ്ദാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയത്.