തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മിച്ച 111 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. രാവിലെ പത്തിന് വീഡിയോ കോൺഫറൻസ് വഴിയാണ് മുഖ്യമന്ത്രി ഉദ്‌ഘാടനം നിർവഹിച്ചത്. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ധനമന്ത്രി തോമസ് ഐസക് പ്രഭാഷണം നടത്തി.
സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഉദ്ഘാടനം. കിഫ്ബിയുടെ അഞ്ച് കോടി ധനസഹായ പദ്ധതിയില്‍ ഉള്‍പ്പെട്ട 22 സ്‌കൂള്‍ കെട്ടിടങ്ങളും മൂന്ന് കോടി പദ്ധതിയില്‍ 21 കെട്ടിടങ്ങളും നബാര്‍ഡ് ഉള്‍പ്പെടെയുള്ള മറ്റ് ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍മിച്ച 68 സ്‌കൂള്‍ കെട്ടിടങ്ങളുമാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്.
Read Also: ‘ചെത്തുകാരന്റെ മകനായതിൽ അഭിമാനം, ഞാൻ നയിക്കുന്ന ജീവിതം എന്താണെന്ന് നാടിനറിയാം’; പിണറായിയുടെ മറുപടി
വിദ്യാഭ്യാസ രംഗത്തെ ഈ മാറ്റങ്ങള്‍ കുട്ടികള്‍ കോവിഡ് മഹാമാരി കഴിഞ്ഞ് സ്‌കൂളിലേക്ക് തിരികെ എത്തുമ്പോള്‍ മികച്ച പഠനത്തിനുള്ള സാഹചര്യം ഉറപ്പാക്കാന്‍ ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
“പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഭേദമില്ലാതെ, സമൂഹത്തിലെ എല്ലാ വേലിക്കെട്ടുകള്‍ക്കും അതീതമായി എല്ലാ കുഞ്ഞുങ്ങള്‍ക്കും ഒരുപോലെ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്നത് ഈ സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായിരുന്നു. ആ വഴിയില്‍ നിരവധി നേട്ടങ്ങള്‍ നമ്മള്‍ നേടിക്കഴിഞ്ഞു. ആത്മവിശ്വാസത്തോടെ, ഊര്‍ജ്ജസ്വലതയോടെ ആ ലക്ഷ്യം അധികം വൈകാതെ നമ്മള്‍ പൂര്‍ത്തീകരിക്കും. അതിനായി ഒത്തൊരുമിച്ച് നമുക്ക് നില്‍ക്കാം,” മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.