നൂറ്റാണ്ടുകളുടെ പാരമ്പര്യവും പ്രൗഢിയുമായി കൊച്ചിയിലെത്തിയ ഇഐആർ 21 എന്ന കൽക്കരി ട്രെയിൻ വീണ്ടും സർവീസ് നടത്തും. പൊതുജന അഭ്യർത്ഥന മാനിച്ചാണ് വീണ്ടും സർവ്വീസ് നടത്താൻ റെയിൽവേ തീരുമാനിച്ചത്. ഫെബ്രുവരി 23, 24 തീയതികളിലാണ് കൽക്കരി ട്രെയിൻ വീണ്ടും സർവീസ് നടത്താനൊരുങ്ങുന്നത്. 11 മണിയ്ക്കും 2 മണിയ്ക്കുമായി രണ്ട് സർവീസുകളാകും ഒരു ദിവസം ഉണ്ടാകുക.

ഫെബ്രുവരി 16, 17 തീയതികളിലാണ് നേരത്തെ കൽക്കരി ട്രെയിൻ കൊച്ചിയിൽ പ്രത്യേക പൈതൃക ട്രെയിൻ സർവ്വീസ് നടത്തിയത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഹാർബർ ടെർമിനൽസിലേയ്ക്കാണ് യാത്ര. ഇതിനോടകം മൂന്ന് സർവീസുകളിലായി 140 ആളുകളാണ് പൈതൃക ട്രെയിൻ യാത്രയുടെ ഭാഗമായത്. വിദേശികളും സ്വദേശികളും പൈതൃക ട്രെയിൻ യാത്രയുടെ ഭാഗമായി. പ്രായഭേദമന്യേ നിരവധി ആളുകളാണ് 165 വർഷം പഴക്കമുള്ള ട്രെയിൻ കാണുന്നതിനും യാത്ര ചെയ്യുന്നതിനും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയത്.

രാജ്യത്ത് വിവിധ സ്റ്റേഷനുകളിൽ ഇഐആർ 21 സർവ്വീസ് നടത്തുന്നുണ്ട്. കന്യാകുമാരിയിൽ നിന്നുമാണ് ഈ കൽക്കരി എഞ്ചിൻ ഇപ്പോൾ എറണാകുളത്ത് എത്തിയത്. ട്രാക്ക് മാർഗമാണ് എഞ്ചിൻ കൊച്ചിയിലെത്തിച്ചത്. ഫെബ്രുവരി ഏഴ്, പത്ത് തീയതികളില്‍ നാഗര്‍കോവിലില്‍ നിന്നും കന്യാകുമാരിയിലേക്ക് പൈതൃക തീവണ്ടിയുടെ സര്‍വ്വീസ് നടത്തിയിരുന്നു.

ഫെബ്രുവരി 26നാണ് പൈതൃക ട്രെയിൻ എറണാകുളത്ത് നിന്നും പോകുന്നത്. പാലക്കാട് എത്തുന്ന ഇഐആർ 21 അവിടെയും പ്രത്യേക സർവ്വീസ് നടത്തും. 11 ടൺ കൽക്കരിയാണ് ഇതിനായി എറണാകുളത്ത് എത്തിച്ചിരിക്കുന്നത്.

ഇംഗ്ലണ്ടിലെ കിറ്റ്സൺ, തോംസൺ ആൻഡ് ഹെവിസ്റ്റൺ 1855ൽ നിർമ്മിച്ചതാണ് ഇഐആർ 21 എന്ന ഈ കൽക്കരി എഞ്ചിൻ. അവിടെ നിന്ന് കപ്പൽ മാർഗം ഇന്ത്യയിലെത്തിച്ച എഞ്ചിൻ നീണ്ട 55 വർഷക്കാലം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കുതിച്ചു പാഞ്ഞു. 1909ൽ സർവീസ് നിർത്തിയ ട്രെയിൻ ജാമൽപൂർ വർക്‌ഷോപ്പിലും ഹൗറ സ്റ്റേഷനിലും പ്രദർശന വസ്തുവായിരുന്നു.

ഒരു നൂറ്റാണ്ട് കാലം പ്രദർശന വസ്തുവായിരുന്ന എഞ്ചിൻ 2010ലാണ് അറ്റകുറ്റ പണി പൂർത്തിയാക്കി വീണ്ടും സഞ്ചാര യോഗ്യമാക്കിയത്. പേരാമ്പൂരിലെ ലോക്കോ വർക്‌ഷോപ്പിലായിരുന്നു അറ്റകുറ്റപണികൾ നടത്തിയത്. ഇതിന് ശേഷമാണ് ഇഐആർ പൈതൃക സർവീസ് നടത്തുന്നതിന് പുറപ്പെട്ടത്. ഇന്ത്യൻ റെയിൽവേയുടെ പൈതൃകവും പ്രൗഢിയും വിളിച്ചോതി റെയിൽവേ ട്രാക്കിൽ വീണ്ടും ചൂളം വിളിയ്ക്കുകയാണ് ഇഐആർ 21.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ