കൊച്ചി. ‘മലയാളി സൈനികൻ ഹേമന്ദ് രാജിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു…’ മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങി കിടന്ന ബാബു എന്ന ചെറുപ്പക്കാരന്റെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പല കോണില്‍നിന്നും കേട്ട ഒരു വാചകമായിരുന്നു ഇത്. രണ്ട് രാത്രിയും ഒരു പകലും നീണ്ട ശ്രമങ്ങള്‍ ഫലം കാണാതെ പോയപ്പോള്‍ ഹേമന്ദിന്റെ നേതൃത്വത്തില്‍ കേവലം മൂന്ന് മണിക്കൂറുകൊണ്ട് ബാബു സുരക്ഷിത സ്ഥാനത്തെത്തി.
കേരളവും രാജ്യവും സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനത്തിന് കയ്യടിക്കുകയാണ്. ഹേമന്ദിന് ചുംബനം നല്‍കിയായിരുന്നു ബാബു തന്റെ നന്ദി അറിയച്ചത്. ബാബുവിനെ രക്ഷിക്കാന്‍ മലയിലെത്തിയ രണ്ട് സൈനികരെയും ഹേമന്ദ് ബാബുവിന് പരിചയപ്പെടുത്തി. അവര്‍ക്കും ബാബുവിന്റെ സ്നേഹം. ഹേമന്ദിന്റെ മികവിനു കേരളം സല്യൂട്ട് ചെയ്യുന്നത് ആദ്യമായല്ല. മൂന്ന് വര്‍ഷം മുന്‍പുള്ള ഒരു പ്രളയകാല ഓര്‍മയിലേക്കു തിരിഞ്ഞുനോക്കാം.
2018 ഓഗസ്റ്റിലാൽ ഓണാവധിക്കായി നാട്ടിലേക്കു പുറപ്പെടാനായി ഹേമന്ദ് ഡല്‍ഹിയിലെ വിമാനത്താവളത്തിലെത്തിയത്. അപ്പോഴാണ് അറിയുന്നത് നാട്ടില്‍ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ പ്രളയം സംഭവിക്കുകയാണെന്ന്. കേരളത്തില്‍ ഭൂരിഭാഗം ജനങ്ങളും വീടും നാടും ഉപേക്ഷിച്ച് ദുരിതാശ്വാസ കേന്ദ്രത്തില്‍ അഭയം തേടിയ നാളുകളായിരുന്നു അത്. കൊച്ചിയിലേക്കുള്ള യാത്ര മുടങ്ങിയതോടെ തിരുവനന്തപുരത്തേക്കു വിമാനം തരപ്പെടുത്തിത്തരാന്‍ ഇന്‍ഡിഗോ അധികൃതരോട് ഹേമന്ദ് ആവശ്യപ്പെട്ടു.
ഓണാവധിക്കാലം ആഘോഷിക്കാന്‍ പുറപ്പെട്ട ഹേമന്ദിനയല്ല, ഒരു മുഴുനീള സൈനിക ഉദ്യോഗസ്ഥനെ ആയിരുന്നു കേരളം പിന്നെ കണ്ടത്. ഓഗസ്റ്റ് 19 ന് അര്‍ധരാത്രി തലസ്ഥാനത്തെത്തിയ ഹേമന്ദ് ചെങ്ങന്നൂരിലേക്കായിരുന്നു ആദ്യം ഓടിയെത്തിയത്. രക്ഷിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് സജി ചെറിയാന്‍ കണ്ണീരണിഞ്ഞ ചെങ്ങന്നൂരിലേക്ക്. ഒറ്റയാളായി എത്തി ചെങ്ങന്നൂരിനെ കരകയറ്റിയ ഹേമന്ദിന്റെ നേതൃപാഠവം അന്ന് കേരളം കണ്ടറിഞ്ഞു.
സൈന്യത്തില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥരെയും സുഹൃത്തുക്കളെയും കോളേജ് വിദ്യാര്‍ഥികളെയും കൂട്ടുപിടിച്ച 35 അംഗ സംഘം രൂപീകരിച്ചു ഹേമന്ദ്. ചെങ്ങന്നൂരില്‍ ആര്‍ക്കും എത്തിനോക്കാന്‍ പോലും സാധിക്കാത്ത ഇടങ്ങളിലെത്തിയ ഇവര്‍ രക്ഷിച്ചതു നൂറുകണക്കിന് ജീവനായിരുന്നു. ഭക്ഷണവും മറ്റും വിതരണം ചെയ്ത് വിശപ്പടക്കാനും ഹേമന്ദും കൂട്ടരും പലയിടങ്ങളില്‍ ചെന്നു. നാടിനെ കൈപിടിച്ചുയര്‍ത്തിയ ഹേമന്ദ് തന്നെ ബാബുവിനായും എത്തിയെന്നത് യാദൃശ്ചികമെങ്കിലും മലയാളികള്‍ക്ക് ഇരട്ടി മധുരമാണ്.
Also Read: ‘ഇന്ത്യന്‍ ആര്‍മിക്ക് നന്ദി’; രക്ഷിച്ചവര്‍ക്ക് ബാബുവിന്റെ സ്നേഹചുംബനം; വീഡിയോ