കോഴിക്കോട്: പ്രളയസമയത്ത് ആംബുലന്‍സിനു വഴികാണിക്കാന്‍ ജീവന്‍ പണയംവച്ച് വെള്ളത്തിലൂടെ ഓടിയ അത്ഭുത ബാലനെ ഓര്‍ക്കുന്നില്ലേ? സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ആ ധീരന്‍ കര്‍ണാടകയിലെ റായ്ചൂരില്‍നിന്നായിരുന്നു. വെങ്കടേശനെന്ന പന്ത്രണ്ടുകാരന് അര്‍ഹിക്കുന്ന അംഗീകാരമായി കേരളത്തിലെ ഒരുകൂട്ടം മനുഷ്യസ്‌നേഹികളുടെ നേതൃത്വത്തില്‍ നാട്ടില്‍ വീടൊരുങ്ങുകയാണ്.
ഓഗസ്റ്റില്‍ കര്‍ണാടകയിലെ മുപ്പതില്‍ 22 ജില്ലകളെയും ബാധിച്ച പ്രളയത്തിലാണു വെങ്കടേശന്‍ അരയ്‌ക്കൊപ്പം വെള്ളത്തില്‍ ഓടി ആംബുലന്‍സിനു വഴിയൊരുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് വെള്ളത്തില്‍ കുടുങ്ങിയ ആംബുലന്‍സിനു വഴികാട്ടിയായി വെങ്കടേശനെത്തിയത്. ഓട്ടത്തിനിടെ പലതവണ വീണെങ്കിലും ലക്ഷ്യത്തില്‍നിന്ന് അവന്‍ പിന്തിരിഞ്ഞിരുന്നില്ല. താന്‍ കാണിച്ച പാതയിലൂടെ ആംബുലന്‍സ് വരുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി വെങ്കടേശന്‍ ഇടയ്ക്ക് പിന്നിലേക്കു നോക്കുന്നതും ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരുന്നു.
#VIRAL: A boy is seen risking his life to lead an ambulance driver to cross the bridge which was flooded with Krishna River water on Devadurga-Yadgir road. pic.twitter.com/BAYg8uqWU4
— India Ahead News (@IndiaAheadNews) August 10, 2019
കോഴിക്കോട് കുറ്റ്യാടിയിലെ എംഐയുപി സ്‌കൂള്‍ പിടിഎയുടെ മുന്‍കൈയിലാണു വെങ്കടേശനും കുടുംബത്തിനും വീടൊരുങ്ങുന്നത്. റായ്ചൂരിലെ ഹിരാറായികുംപെയില്‍ താമസിക്കുന്ന വെങ്കടേശനെയും കുടുംബത്തെയും സന്ദര്‍ശിക്കാനായി പിടിഎ പ്രസിഡന്റ് കെപി റഷീദിന്റെ നേതൃത്വത്തിലുള്ള സംഘം യാത്ര തിരിച്ചു. നാളെ രാവിലെ റായ്ചൂരിലെത്തുന്ന സംഘം രണ്ടു ദിവസം അവിടെ തങ്ങി വീട് നിര്‍മാണത്തിനുള്ള പ്രാഥമിക നടപടികള്‍ക്കു തുടക്കമിടും.
Read Also: കുത്തൊഴുക്കിലും ജീവൻ പണയം വച്ച് ആംബുലൻസിന് വഴികാട്ടിയായി ബാലൻ, വീഡിയോ
റായ്ചൂരിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയായ വെങ്കടേശന് കോഴിക്കോട്ടെ സന്നദ്ധസംഘടനകളായ ഹെല്‍പ്പിങ് ഹാന്‍ഡ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ്, ഫോക്കസ് ഇന്ത്യ എന്നിവരുടെ സഹകരണത്തോടെയാണു വീട് നിര്‍മിക്കുക. അഞ്ചു ലക്ഷത്തോളം രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. റായ്ചൂരില്‍നിന്നു തന്നെ കരാറുകാരനെ കണ്ടെത്തി നാട്ടുകാരുടെ മേല്‍നോട്ടത്തില്‍ വീട് നിര്‍മിക്കാനാണു ലക്ഷ്യമിടുന്നത്. ഡിസംബറോടെ വീട് നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനച്ചടങ്ങളില്‍ കേരള പൊതുവിദ്യാഭ്യാസ ഡയറക്ടറെ പങ്കെടുപ്പിക്കാനാണു പിടിഎ കമ്മിറ്റിയുടെ ശ്രമം.
വീട് നിര്‍മാണത്തിനായി മൂന്നു ലക്ഷം രൂപയിലേറെ കുറ്റ്യാടി എംഐയുപി സ്‌കൂള്‍ പിടിഎയും മറ്റു സന്നദ്ധസംഘടനകളും ചേര്‍ന്ന് ശേഖരിച്ചിട്ടുണ്ട്. ശേഷിക്കുന്ന തുക അധികം പ്രയാസപ്പെടാതെ സ്വരൂപിക്കാന്‍ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ. വെങ്കടേശന് എംഐയുപി സ്‌കൂളില്‍ നേരത്തെ സ്വീകരണം നല്‍കിയിരുന്നു. ഈ ചടങ്ങില്‍വച്ച് മാത്രം സഹായമായി 55,000 രൂപ സംഭാവനയായി കിട്ടി. പിറ്റേദിവസം കോഴിക്കോട് കെയര്‍ ഹോമില്‍ പൗരസഞ്ചയം നല്‍കിയ സ്വീകരണത്തില്‍ 75,000 രൂപയും ലഭിച്ചു. മറ്റു വ്യക്തികളില്‍നിന്നായി പിന്നീട് രണ്ടുലക്ഷത്തോളം രൂപയും പിരിഞ്ഞുകിട്ടി. ഈ തുകയാണു വീട് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്.
നാല് കിലോ മീറ്റര്‍ നടന്നുവേണം വെങ്കടേശന് സ്‌കൂളിലെത്താന്‍. ഇക്കാര്യം കുറ്റ്യാടി സ്‌കൂളിലെ സ്വീകരണത്തില്‍ പറഞ്ഞതിനെത്തുടര്‍ന്ന് വെങ്കടേശന് സൈക്കിള്‍ വാങ്ങാനുള്ള തുക യോഗത്തില്‍വച്ച് കൈമാറിയിരുന്നു. വസ്ത്രങ്ങളും മധുരപലഹാരങ്ങളും വെങ്കടേശനും പിതാവിനും റായ്ചൂരില്‍ തിരിച്ചെത്താനുള്ള യാത്രാക്കൂലിക്ക് ഉള്‍പ്പെടെയുള്ള തുകയും സംഘാടകര്‍ നല്‍കുകയുണ്ടായി. കോഴിക്കോട്ടുനടന്ന രണ്ടാമത്തെ സ്വീകരണത്തില്‍ വെങ്കടേശനു സൈക്കിള്‍ ലഭിച്ചിരുന്നു. ഇതു വെങ്കടേശന്‍ പൂര്‍ണമനസോടെ കോഴിക്കോട്ടെ ഒരു സ്‌കൂളിലെ പാവപ്പെട്ട വിദ്യാര്‍ഥിക്കു കൈമാറി. കുറ്റ്യാടിയില്‍നിന്നു ലഭിച്ച തുക ഉപയോഗിച്ച് വെങ്കടേശന്‍ നാട്ടില്‍ചെന്നശേഷം സൈക്കിള്‍ വാങ്ങുകയായിരുന്നു.