തിരുവനന്തപുരം: സ്ത്രീകൾക്ക് ഏത് സമയത്തും വിളിക്കാവുന്ന ഏകീകൃത ടോൾ ഫ്രീ നമ്പർ സംസ്ഥാനത്ത് യാഥാർത്ഥ്യമാവുന്നു. മിത്ര 181 എന്ന പേരിലാണ് ഈ ഹെൽപ്‌ലൈൻ അറിയപ്പെടുക. ഹെൽപ്‌ലൈനിന്റെ ഉദ്ഘാടനം മാർച്ച് 27 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതോടെ ദേശീയ തലത്തിൽ തന്നെയുളള വനിതാ ഹെൽപ്‌ലൈൻ ശൃംഖലയിൽ കേരളവും അംഗമാവും. സംസ്ഥാന, ജില്ലാ, നഗര തലങ്ങളിലുമുള്ള എല്ലാ ഹെൽപ്‌ലൈനുകളും ഈ നമ്പറിലേക്ക് സംയോജിപ്പിക്കും. വനിതാ വികസന കോര്‍പ്പറേഷനാണ് ഈ ഹെൽപ്‌ലൈനിന്റെ മേല്‍നോട്ടവും ഏകോപനവും നിര്‍വഹിക്കുക.

അടിയന്തിര ഘട്ടങ്ങളിലും അല്ലാത്തപ്പോഴും സ്ത്രീകള്‍ക്ക് എല്ലാവിധ വിവരങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് മിത്ര 181. ലാൻഡ്, മൊബൈല്‍ ഫോണുകളില്‍ നിന്ന് മിത്ര 181 ലേക്ക് വിളിക്കാവുന്നതാണ്. ഹെൽപ്‌ലൈനിലേക്ക് വിളിക്കുന്നവര്‍ക്ക് അടുത്തുള്ള പൊലീസ് സ്റ്റേഷന്‍, പ്രധാന ആശുപത്രി, ആംബുലന്‍സ് സര്‍വീസുകള്‍ എന്നിവയുടെ സേവനങ്ങള്‍ ലഭ്യമാവും. അതിന് പുറമേ സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാരേതര ക്ഷേമ പദ്ധതികള്‍, വിവിധ സ്ത്രീപക്ഷ സേവനങ്ങള്‍ എന്നിവയുടെ വിവരങ്ങളും മിത്ര 181 ഹെൽപ്‌ലൈനിലൂടെ ലഭിക്കും. തിരുവനന്തപുരം ടെക്നോപാര്‍ക്കിലാണ് മിത്ര 181 ഹെൽപ്‌ലൈനിന്റെ കൺട്രോൾ റൂം സജ്ജീകരിച്ചിരിക്കുന്നത്. കണ്‍ട്രോള്‍ റൂമിന്റെ സുഗമമായ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത് വനിതാ മാനേജറായിരിക്കും. അവര്‍ക്ക് കീഴില്‍ സൂപ്പര്‍വൈസര്‍, സീനിയര്‍ കോള്‍ റെസ്പോണ്ടര്‍, ഐ.ടി ഉദ്യോഗസ്ഥ, ബഹുതല സഹായി ഉള്‍പ്പടെയുളളവർ ഉണ്ടാവും.

Read More: ഹെൽപ് ചെയ്യാതെ സർക്കാർ; നട്ടം തിരിഞ്ഞ് വനിതാ ഹെല്‍പ്‌ലൈന്‍

കേരളത്തിൽ നിലവിലുളള ഹെൽപ്‌ലൈനിന്റെ സ്ഥിതി വളരെ പരിതാപകരമാണ്. സ്ത്രീകൾക്ക് എപ്പോൾ വേണമെങ്കിലും എന്തു ആവശ്യത്തിനുവേണമെങ്കിലും വിളിക്കാനുള്ളതാണ് വനിതാ ഹെൽപ്‌ലൈൻ നന്പർ. എന്നാൽ അവശ്യ ഘട്ടങ്ങളില്‍ സ്ത്രീകള്‍ സഹായത്തിനായി വിളിക്കുന്ന വനിതാ ഹെൽപ്‌ലൈനിൽ ആവശ്യത്തിന് പൊലീസുകാരില്ല. 24 മണിക്കൂറും സ്ത്രീകളുടെ പ്രശ്നങ്ങള്‍ ഉടനടി അറിയിക്കാനായി ഏര്‍പ്പെടുത്തിയ 1091 ഹെൽപ്‌ലൈനില്‍ ഒരു ഡ്യൂട്ടി ഷെഡ്യൂളില്‍ ഒരു വനിതാ പൊലീസ് മാത്രമാണുള്ളത്. .

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് നിരവധി സ്ത്രീകളാണ് 1091 ലേക്ക് ദിനംപ്രതി വിളിക്കുന്നത്. ഒരു ദിവസം ശരാശരി 25 കോളുകളെങ്കിലും സഹായം അഭ്യര്‍ത്ഥിച്ച് എത്തുന്നുണ്ട്. രാത്രിയാണ് കൂടുതല്‍ ഫോണ്‍ കോളുകള്‍ വരുന്നത്. കുടുംബ വഴക്കുകള്‍, മദ്യപിച്ചെത്തുന്ന ഭര്‍ത്താക്കന്മാരുടെ ഉപദ്രവം, വഴിതെറ്റി നഗരത്തില്‍ ഒറ്റപ്പെട്ടു പോയവര്‍, റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലും രാത്രി തനിച്ചാകുന്നവര്‍ തുടങ്ങി വിവിധ സന്ദര്‍ഭങ്ങളില്‍ സഹായത്തിനായാണു സ്ത്രീകള്‍ വിളിക്കുന്നത്. എന്നാൽ ഇവർക്ക് കൃത്യമായ സുരക്ഷയും വേണ്ട സഹായങ്ങളും ഉറപ്പാക്കാൻ പലപ്പോഴും സാധിക്കാറില്ല. ഇതിനൊരു പരിഹാരമായരിക്കും മിത്ര 181.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ