തിരുവനന്തപുരം: കേരള സർക്കാരിന്റെ നിർദേശ പ്രകാരം നീറ്റ് പരീക്ഷ എഴുതാൻ എത്തുന്നവരെ സഹായിക്കുന്നതിന് ഹെൽപ്പ് ഡെസ്കുകൾ നാളെ പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

തമിഴ് നാട്ടിൽ നിന്നടക്കം വളരെയധികം വിദ്യാർത്ഥികളാണ് നീറ്റ് പരീക്ഷയെഴുതാൻ എത്തുന്നത്. ഈ സാഹചര്യത്തിലാണ് ഇവരെ സഹായിക്കാൻ ഹെൽപ്പ് ഡെസ്ക് ആരംഭിക്കാൻ തീരുമാനിച്ചത്.

നീറ്റ് പരീക്ഷ എഴുതാൻ എത്തുന്ന എല്ലാ പ്രധാന റയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും വിദ്യാർത്ഥികളെ സഹായിക്കാൻ ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കും.
പരീക്ഷ എഴുതാൻ എത്തുന്നവർക്ക് തടസ്സമില്ലാത്ത യാത്ര സൗകര്യമൊരുക്കാനും ആവശ്യമുളള​വർക്ക് പ്രാദേശിക സഹകരണത്തോടെ താമസ സൗകര്യം ഏർപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. കലക്ടർമാർക്കും പൊലീസ് മേധാവികൾക്കുമാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്.

നാളെ രാവിലെ ആറ് മണിമുതൽ പ്രവർത്തനം ആരംഭിക്കുന്ന ഹെൽപ്പ് ഡെസ്കുകൾ ഞായറാഴ്ച സന്ധ്യവരെ പ്രവർത്തിക്കും. അയ്യായിരത്തോളം വിദ്യാർത്ഥികളെയാണ് എറണാകുളം ജില്ലയിൽ പരീക്ഷയെഴുതാൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. എറണാകുളം ജില്ലയിൽ 58 പരീക്ഷാ കേന്ദ്രങ്ങളാണുളളത്. അതിൽ 37 എണ്ണം നഗരത്തിലും 21 എണ്ണം ഗ്രാമീണ മേഖലയിലുമാണ്.

എറണാകുളം ജില്ലയിലെ നീറ്റ് പരീക്ഷയുടെ ഹെൽപ് സെന്റർ നമ്പർ- 9061518888

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.