/indian-express-malayalam/media/media_files/uploads/2019/11/helmet.jpeg)
കൊച്ചി: സംസ്ഥാനത്ത് ഇന്ന് മുതൽ ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധം. ഞായറാഴ്ച മുതൽ പരിശോധന കർശനമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ബൈക്കിലെ രണ്ടു യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധമാക്കികൊണ്ട് കഴിഞ്ഞ ദിവസമാണ് ഉത്തരവിറക്കിയത്. ആദ്യ ഘട്ടത്തിൽ പിഴ ഒഴിവാക്കി ബോധവൽക്കരണം നടത്താനാണ് തീരുമാനം.
രണ്ടാഴ്ച മുൻപത്തെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമം കർശനമാക്കാൻ സർക്കാർ തീരുമാനിച്ചത്. കുട്ടികളുൾപ്പടെ ബൈക്കിലെ രണ്ടാം യാത്രക്കാരനും ഹെൽമറ്റ് നിർബന്ധമാണെന്ന് ഉത്തരവിൽ​ പറയുന്നു. ഹെൽമറ്റ് ധരിക്കാത്തവർ വാഹനത്തിലുണ്ടെങ്കിൽ ഉടമയിൽനിന്ന് 500 രൂപ പിഴ ഈടാക്കും. കുറ്റം ആവർത്തിച്ചാൽ 1000 രൂപ പിഴ. നിയമലംഘനം തുടർന്നാൽ ലൈസൻസ് സസ്പെൻഡ് ചെയ്യും. ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ പിഴ ഈടാക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർ എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾക്ക് നിർദേശം നൽകി. നിയമലംഘനങ്ങൾ തടയാൻ 85 സ്ക്വാഡുകളാണ് സംസ്ഥാനത്തുള്ളത്.
പിൻസീറ്റുകാർക്കും ഹെൽമറ്റ് നിർബന്ധമാണെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ, വിധി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ സാവകാശം തേടി ഹെെക്കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീം കോടതി വിധി കർശനമായി നടപ്പിലാക്കണമെന്ന് ഹെെക്കോടതി കഴിഞ്ഞ ദിവസം സർക്കാരിന് നിർദേശം നൽകി. ഇതോടെ സാവകാശ ഹർജി സംസ്ഥാന സർക്കാർ പിൻവലിച്ചു.
കേന്ദ്ര നിയമം നടപ്പിലാക്കുന്നതില്‍ സാവകാരം അനുവദിക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ പിന്‍വലിക്കുന്നതായി സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു.
പിന്‍സീറ്റ് യാത്രികര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി ഓഗസ്റ്റ് ഒൻപതിനാണ് കേന്ദ്രം നിയമ ഭേദഗതി കൊണ്ടുവന്നത്. ഭേദഗതി പ്രകാരം നാല് വയസില്‍ താഴെയുള്ളവര്‍ക്കും സിഖുകാര്‍ക്കും മാത്രമാണ് ഇളവുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.