തിരുവനന്തപുരം: പിന്‍സീറ്റുകാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ ഗതാഗത വകുപ്പ്. ഡിസംബര്‍ ഒന്ന് മുതല്‍ നിയമ കര്‍ശനമാക്കും. ആദ്യ നടപടിയെന്ന വിധം യാത്രക്കാര്‍ക്ക് ബോധവല്‍ക്കരണം നല്‍കാന്‍ ഗതാഗതവകുപ്പ് തീരുമാനിച്ചു. പരമാവധി ബോധവല്‍ക്കരണം നല്‍കിയ ശേഷമായിരിക്കും പിഴ ഈടാക്കുന്ന നടപടിയിലേക്ക് സര്‍ക്കാര്‍ കടക്കുക. നിയമം കര്‍ശനമാക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ ഉടന്‍ തന്നെ പുറത്തിറക്കും.
പിൻസീറ്റുകാർക്കും ഹെൽമറ്റ് നിർബന്ധമാണെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ, വിധി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ സാവകാശം തേടി ഹെെക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, സുപ്രീം കോടതി വിധി കർശനമായി നടപ്പിലാക്കണമെന്ന് ഹെെക്കോടതി കഴിഞ്ഞ ദിവസം സർക്കാരിന് നിർദേശം നൽകി. ഇതോടെ സാവകാശ ഹർജി സംസ്ഥാന സർക്കാർ പിൻവലിച്ചു. കേന്ദ്ര നിയമം നടപ്പാക്കുന്നതില്‍ സാവകാരം അനുവദിക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ സിംഗിള്‍ ബഞ്ചുത്തരവിനെതിരായ അപ്പീല്‍ പിന്‍വലിക്കുന്നതായി സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു.
Read Also: Horoscope Today November 20, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് തയാറാണന്നും ഉടന്‍ നടപ്പാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഉത്തരവ് നടപ്പാക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങളും കോടതി നല്‍കി. ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതായി പൊതു ജനങ്ങളെ അറിയിക്കണം. ദൃശ്യമാധ്യമങ്ങളിലടക്കം വ്യാപക പരസ്യം നല്‍കണം പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാനും കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ അപ്പീല്‍ പിന്‍വലിച്ചതോടെ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് വീണ്ടും പ്രാബല്യത്തിലായി.
Read Also: ലെെംഗിക ജീവിതം ഏറ്റവും ആസ്വാദ്യകരമാകുന്നത് നാൽപ്പത് വയസ് കഴിയുമ്പോൾ
പിന്‍സീറ്റ് യാത്രികര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കി 2015ല്‍ സിംഗിള്‍ ബഞ്ച് ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചത്. പിന്‍സീറ്റ് യാത്രികര്‍ക്ക് ഇളവ് നല്‍കാന്‍ കേന്ദ്ര മോട്ടോര്‍ വാഹന നിയമം സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി ചെയ്തിരുന്നു. കേന്ദ്ര മോട്ടോര്‍ വാഹനനിയമത്തിലെ പുതിയ ഭേദഗതിയും സംസ്ഥാന സര്‍ക്കാരിന്റെ ഭേദഗതിയും പൊരുത്തപ്പെടുന്നില്ലെന്ന് നിരീക്ഷിച്ച കോടതി കേന്ദ്ര നിയമം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് അറിയിക്കാന്‍ ഉത്തരവിട്ടു. തീരുമാനം 19 ന് അറിയിച്ചില്ലെങ്കില്‍ ഉത്തരവു പുറപ്പെടുവിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. തുടര്‍ന്നാണ് സര്‍ക്കാര്‍ അപ്പീല്‍ പിന്‍വലിച്ചത്.
ഈ വര്‍ഷം ഓഗസ്റ്റ് ഒൻപതിനാണ് പിന്‍സീറ്റ് യാത്രികര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കേന്ദ്രം നിയമ ഭേദഗതി കൊണ്ടുവന്നത്. ഭേദഗതി പ്രകാരം നാല് വയസില്‍ താഴെയുള്ളവര്‍ക്കും സിഖുകാര്‍ക്കും മാത്രമാണ് ഇളവുള്ളത്.