തൊടുപുഴ: ഹെലികോപ്ടർ യാത്രാ വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഓഖി ദുരന്തം പരിശോധിക്കാൻ വന്ന കേന്ദ്ര സംഘത്തെ കാണാനാണ് അന്ന് പോയത്. മുഖ്യമന്ത്രി സഞ്ചരിക്കുന്നതിനൊക്കെ ചെലവ് സർക്കാരിൽനിന്നാണ് ഈടാക്കുന്നത്. അത് ഏതു ഫണ്ടിൽ നിന്നാണെന്ന് ആരും അന്വേഷിക്കാറില്ല. യാത്രാച്ചെലവ് ഏത് ഫണ്ടിൽനിന്നെന്ന് തീരുമാനിക്കുന്നത് ഉദ്യോഗസ്ഥരാണെന്നും പിണറായി പറഞ്ഞു. സിപിഎം ഇടുക്കി ജില്ലാ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഹെികോപ്ടർ വാടക നൽകിയത് ദുരിതാശ്വാസ ഫണ്ടിൽ നിന്നാണെന്ന് ഇന്നലെ വൈകിട്ടാണ് ശ്രദ്ധയിൽപ്പെടുന്നത്. ഉടൻതന്നെ ദുരന്തനിവാരണ ഫണ്ടിൽനിന്നും വക എടുക്കണ്ടതില്ലെന്നും പൊതുഫണ്ടിൽനിന്നും വകയിരുത്തിയാൽ മതിയെന്നും പറഞ്ഞു. ഇതിൽ ഒരു അപാകതയുമില്ല. ഇനിയും യാത്രകൾ വേണ്ടിവരും. ഏതു മുഖ്യമന്ത്രിക്കും ഇത്തരത്തിൽ യാത്ര ചെയ്യേണ്ടി വരും. ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് മുൻ മുഖ്യമന്ത്രി ഹെലികോപ്റിൽ ഇടുക്കിയിലേക്ക് വന്നിട്ടുണ്ട്. പക്ഷേ തന്റെ യാത്രയുടെ ചെലവ് ദുരന്തനിവാരണ ഫണ്ടിൽനിന്നും വേണ്ടെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

ഹെലികോപ്ടറിൽ മുഖ്യമന്ത്രിമാർ യാത്ര ചെയ്യുന്നതൊക്കെ സാധാരണ ചെയ്യുന്ന കാര്യങ്ങളാണ്. പെട്ടെന്ന് വരേണ്ട സമയമാണെങ്കിൽ ഹെലികോപ്ടറിൽ യാത്ര ചെയ്യേണ്ടിവരും. ഇതിൽ അസാധാരണമായി ഒന്നുമില്ല. സാധാരണ നടക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം. ഇക്കാര്യത്തിൽ വിവാദത്തിന്റെ ആവശ്യമില്ലെന്നും പിണറായി പറഞ്ഞു.

ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തെ കാണാൻ ഡിസംബര്‍ 26ന് തൃശൂരിലെ സിപിഎം ജില്ലാ സമ്മേളന വേദിയില്‍ നിന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തിയത് സ്വകാര്യ കമ്പനിയുടെ ഹെലികോപ്ടര്‍ വാടകക്കെടുത്തായിരുന്നു. ഇതിന്റെ ചെലവായ എട്ട് ലക്ഷം രൂപ ദുരന്തനിവാരണ ഫണ്ടില്‍ നിന്നെടുക്കാന്‍ നിര്‍ദേശിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനാണ് ഉത്തരവിറക്കിയിരുന്നു. ഇതാണ് വിവാദമായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ