തിരുവനന്തപുരം: ഹെലികോപ്ടറിന് പണം നൽകിയത് ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരമെന്ന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ. ചീഫ് സെക്രട്ടറിയായിരുന്ന കെ.എം.എബ്രഹാമാണ് ഡിജിപിയുടെ കത്ത് കൈമാറിയത്. ഈ നിർദേശമനുസരിച്ചാണ് ദുരിതാശ്വാസ ഫണ്ടിൽനിന്ന് പണം നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ചാണ് കാര്യങ്ങൾ വിശദീകരിച്ചത്. സിപിഐയെയും പി.എച്ച്.കുര്യൻ കാര്യങ്ങൾ വിശദീകരിച്ചു.

മുഖ്യമന്ത്രി ഉൾപ്പെട്ട ഹെലികോപ്റ്റർ വിവാദത്തിൽ റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യനോട് വിശദീകരണം തേടിയിരുന്നു. ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തെ കാണാൻ ഡിസംബര്‍ 26ന് തൃശൂരിലെ സിപിഎം ജില്ലാ സമ്മേളന വേദിയില്‍ നിന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തിയത് സ്വകാര്യ കമ്പനിയുടെ ഹെലികോപ്ടര്‍ വാടകക്കെടുത്തായിരുന്നു. ഇതിന്റെ ചെലവായ എട്ട് ലക്ഷം രൂപ ദുരന്തനിവാരണ ഫണ്ടില്‍ നിന്നെടുക്കാന്‍ നിര്‍ദേശിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനാണ് ഉത്തരവിറക്കിയത്.

ഇത്തരമൊരു ഉത്തരവിറക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് ദുരന്തനിവാരണ ഫണ്ടിന്റെ ചുമതലയുള്ള റവന്യൂമന്ത്രി വിശദീകരിച്ചത്. ഉത്തരവിറങ്ങിയ വിവരം മുഖ്യമന്ത്രിയുടെ ഓഫീസും അറിഞ്ഞില്ലെന്ന് പറഞ്ഞതോടെ വിവാദമായി. സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ ​തു​ട​ർ​ന്ന്​ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീസ്​ ഇ​ട​പെ​ട്ട്​ ഉത്തരവ് റദ്ദാക്കി.

എന്നാൽ ഹെലികോപ്ടർ യാത്രയ്ക്കായി പണം വകമാറ്റിയത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞിരുന്നുവെന്നതിന്‍റെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവി, തിരുവനന്തപുരം ജില്ലാ കലക്ടര്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി, പ്രിന്‍സിപ്പല്‍ എജി, അക്കൗണ്ടന്റ് ജനറല്‍ ഓഫീസ്, ട്രഷറി ഓഫീസ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന്‍, റവന്യൂ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി.രാജു, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ എന്നിവര്‍ക്കെല്ലാം ഉത്തരവിന്റെ പകര്‍പ്പ് നല്‍കിയതായി വ്യക്തമായിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ