തിരുവനന്തപുരം: ഹെലികോപ്ടർ യാത്രാ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് മുൻ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം. ദുരിതാശ്വാസഫണ്ട് മുൻപും ഇത്തരം യാത്രകൾക്ക് വിനിയോഗിച്ചിട്ടുണ്ടെന്നും താൻ പറഞ്ഞിട്ടാണ് റവന്യൂസെക്രട്ടറി ഉത്തരവിട്ടതെന്നും എബ്രഹാം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പൊതുജനങ്ങൾ കൊടുക്കുന്ന പണമല്ല ഇത്. എസ്ഡിആർഎഫ് ഫണ്ടിന്റെ 90 ശതമാനം കേന്ദ്ര വിഹിതമാണ്. 10 ശതമാനം സംസ്ഥാന വിഹിതമാണ്. സംസ്ഥാന വിഹിതം അടിയന്തര സാഹചര്യങ്ങളിൽ മുഖ്യമന്ത്രിമാരുടെ യാത്രാ ചെലവിന് ഉപയോഗിച്ചതായി ചരിത്രമുണ്ട്. സിഎജി ഇതെല്ലാം ഓഡിറ്റ് ചെയ്യുന്നതാണ്. സംസ്ഥാന വിഹിതം ഇത്തരം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെ സിഎജി പോലും എതിർത്തിട്ടില്ല. മുഖ്യമന്ത്രി വന്നതുകൊണ്ടാണ് അടിയന്തര കേന്ദ്രസഹായം കിട്ടിയതെന്നും കെ.എം.എബ്രഹാം പറഞ്ഞു.

ഹെലികോപ്ടറിന് പണം നൽകിയത് ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരമെന്ന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ ഇന്നലെ വിശദീകരണം നൽകിയിരുന്നു. ചീഫ് സെക്രട്ടറിയായിരുന്ന കെ.എം.എബ്രഹാമാണ് ഡിജിപിയുടെ കത്ത് കൈമാറിയത്. ഈ നിർദേശമനുസരിച്ചാണ് ദുരിതാശ്വാസ ഫണ്ടിൽനിന്ന് പണം നൽകിയതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തെ കാണാൻ ഡിസംബര്‍ 26ന് തൃശൂരിലെ സിപിഎം ജില്ലാ സമ്മേളന വേദിയില്‍ നിന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തിയത് സ്വകാര്യ കമ്പനിയുടെ ഹെലികോപ്ടര്‍ വാടകക്കെടുത്തായിരുന്നു. ഇതിന്റെ ചെലവായ എട്ട് ലക്ഷം രൂപ ദുരന്തനിവാരണ ഫണ്ടില്‍ നിന്നെടുക്കാന്‍ നിര്‍ദേശിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനാണ് ഉത്തരവിറക്കിയിരുന്നു. ഇത്തരമൊരു ഉത്തരവിറക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് ദുരന്തനിവാരണ ഫണ്ടിന്റെ ചുമതലയുള്ള റവന്യൂമന്ത്രി വിശദീകരിച്ചത്. ഉത്തരവിറങ്ങിയ വിവരം മുഖ്യമന്ത്രിയുടെ ഓഫീസും അറിഞ്ഞില്ലെന്ന് പറഞ്ഞതോടെ വിവാദമായി. സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ ​തു​ട​ർ​ന്ന്​ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീസ്​ ഇ​ട​പെ​ട്ട്​ ഉത്തരവ് റദ്ദാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ