തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിവാദ ഹെലികോപ്റ്റർ യാത്രയുടെ ചിലവ് സിപിഎം വഹിക്കേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ്. ഇത് ഔദ്യോഗിക യാത്രയാണെന്നും നിയമവിരുദ്ധമായി യാതൊന്നും നടന്നില്ലെന്നും മന്ത്രി എകെ ബാലൻ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം പ്രതികരിച്ചു.

യാത്രയ്ക്കു ചെലവായ പണം പൊതുഭരണവകുപ്പിന്‍റെ ഫണ്ടിൽ നിന്നെടുക്കാൻ തീരുമാനിച്ചതാണെന്നും മന്ത്രി എ.കെ. ബാലൻ പറഞ്ഞു. “മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ഓഖി ദുരന്തനിവാരണ ഫണ്ടിൽനിന്നും പത്ത് പൈസ
പോലും എടുത്തിട്ടില്ല. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നാണ് പണമെടുത്തത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടുള്ളവർ ഇത്തരത്തിൽ യാത്ര ചെയ്തിട്ടുണ്ട്. സിപിഎമ്മിന്റെ സാധാരണക്കാരായ പാർട്ടി പ്രവർത്തകർ പിരിച്ച അഞ്ച് കോടി രൂപ ഓഖി ദുരിതാശ്വാസ ഫണ്ടിലുണ്ട്”, എകെ ബാലൻ ചൂണ്ടിക്കാട്ടി.

ഹെലികോപ്റ്റർ യാത്രയ്ക്കു ചെലവായ തുക പാർട്ടി ഫണ്ടിൽനിന്നു നൽകാൻ കഴിഞ്ഞ ദിവസം സിപിഎം തീരുമാനിച്ചിരുന്നു. എന്നാൽ ഇന്ന് ചേർന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇതിന്റെ ആവശ്യമില്ലെന്ന് തീരുമാനിച്ചു.

സിപിഎമ്മിന്റെ തൃശ്ശൂർ ജില്ല സമ്മേളനത്തിൽ പങ്കെടുത്ത ശേഷമാണ് ഓഖി ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ കേന്ദ്ര സംഘത്തെ കാണാൻ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ യാത്ര ചെയ്തത്. തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് എട്ട് ലക്ഷം രൂപയാണ് ചിലവായത്. ഇത് ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് നൽകാനായിരുന്നു റവന്യു വകുപ്പ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പിഎച്ച് കുര്യൻ ഉത്തരവിട്ടത്. വിവാദമായതോടെ ഉത്തരവ് സർക്കാർ പിൻവലിച്ചിരുന്നു. തുക പൊതു ഭരണ വകുപ്പിൽ നിന്നെടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ